വീട്ടിലെത്തിയ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു;കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടര്‍ന്നെന്ന് റിപ്പോർട്ട്

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനും പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്ന്. കൃഷ്ണമാചാരിക്കെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് നിലവിലെ ബിനാലെ ചെയര്‍മാന്‍ വി.വേണുബോസ് സ്ഥിരീകരിച്ചു. മുസിരിസ് ബിനാലെ സഹസ്ഥാപകനും കലാകാരനുമായ കൃഷ്ണമാചാരി ജനുവരി 14-നാണ് രാജിവെച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു പ്രാഥമിക വിശദീകരണം. എന്നാല്‍, ബിനാലെ ഫൗണ്ടേഷനിലെ തന്നെ സഹപ്രവര്‍ത്തകയുടെ ലൈംഗികാരോപണ പരാതിയെ തുടർന്നാണ് രാജിവെച്ചതെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28-നായിരുന്നു സംഭവം. ബിനാലെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി യുവതിയെ കൃഷ്ണമാചാരി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടിയെ ദുരുദ്ദേശ്യത്തോടെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. താന്‍ പോകുകയാണെന്ന് യുവതി പലതവണ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും കേള്‍ക്കാന്‍ കൃഷ്ണമാചാരി കൂട്ടാക്കിയില്ലെന്നും ഒരുവിധമാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ ഐസി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ റിപ്പോര്‍ട്ടിങ് സൂപ്പര്‍വൈസര്‍ സ്ഥാനത്ത് നിന്ന് സ്വയം സ്ഥാനമൊഴിയുകയും ചെയ്തു. തുടര്‍ന്നാണ് കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് കൃഷ്ണമാചാരി രാജിവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്കെതിരെ ഉയര്‍ന്നുവരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും നിയമപരമായി നേരിടുമെന്നും കൃഷ്ണമാചാരിയെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.2012-ല്‍ ആര്‍ട്ടിസ്റ്റ് റിയാസ് കോമുവിനൊപ്പമാണ് ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെയ്ക്ക് തുടക്കമിട്ടത്. ആദ്യ പതിപ്പിന്റെ ക്യൂറേറ്റര്‍മാരില്‍ ഒരാളും അദ്ദേഹമായിരുന്നു. പിന്നീട് റിയാസ് കോമു ബിനാലെയുടെ ചുമതലകള്‍ ഒഴിഞ്ഞിരുന്നു. എറണാകുളം അങ്കമാലി മഗട്ടുക്കര സ്വദേശിയായ ബോസ് മുംബൈ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലാണ് പഠനം പൂര്‍ത്തിയാക്കിയത്. കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടില്‍ നിന്നുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അദ്ദേഹം നേടിയ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button