ഏഴ് ലക്ഷത്തിന്റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരന് പിടിയില്‍
കൊച്ചി: ജ്വല്ലറിയില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. എറണാകുളം വളയംചിറ സ്വദേശി അമല്‍ എസ്. കുമാറി (29)നെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി മാര്‍ക്കറ്റ് റോഡിലുള്ള റീഗല്‍ ജ്വല്ലറിയില്‍ നിന്നുമാണ് 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും 12.30 ഗ്രാം വരുന്ന സ്വര്‍ണ പാദസരവും ഉള്‍പ്പെടെ ഏകദേശം ഏഴു ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. 2025 നവംബര്‍ ഒന്നിന് റീഗല്‍ ജ്വല്ലറിയില്‍ നിന്ന് അഞ്ചു പവന്റെ മാലയും ഒന്നര പവന്റെ ഒരു ജോഡി പാദസ്വരവും കസ്റ്റമേഴ്സ് അഡ്വാന്‍സ് ബുക്ക് ചെയ്ത ഓര്‍ഡര്‍ ബോക്സില്‍ നിന്നും എടുത്തശേഷം പകരം ഏകദേശം അതേ തൂക്കത്തിലുള്ള റോള്‍ഡ് ഗോള്‍ഡ് മാലയും ഒരു ജോഡി പാദസരവും ഇടപ്പള്ളിയിലുള്ള ഫാന്‍സി സ്റ്റോറില്‍ നിന്നും വാങ്ങി ഓര്‍ഡര്‍ ബോക്സില്‍ വച്ചായിരുന്നു തട്ടിപ്പ്. ജ്വല്ലറിയില്‍ നിന്നെടുത്ത ആറര പവന് സ്വര്‍ണാഭരണം ഇടപ്പള്ളിയിലുള്ള സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ കൊണ്ടുപോയി അഞ്ചു ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.





