‘സൈനികരില്ല, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൈവിട്ടുപോകും’; ഇസ്രായേല്‍ തകര്‍ച്ചയുടെ വക്കിലെന്ന് ഐഡിഎഫ് മേധാവി

തെല്‍ അവിവ്: പശ്ചിമേഷ്യയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി അതിരൂക്ഷമായ യുദ്ധം തുടരുന്നതിനിടെ സൈനികക്ഷാമം കാരണം ഇസ്രായേല്‍ തകര്‍ച്ചയുടെ വക്കിലെത്തിയെന്ന് ഐഡിഎഫ്. രൂക്ഷമായ സൈനികക്ഷാമവും സൈനികര്‍ക്കിടയിലെ മാനസിക പിരിമുറുക്കവും തങ്ങളെ പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണെന്ന് ഐഡിഎഫ് മേധാവി ഈയല്‍ സാമിര്‍ സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘പുതിയ നിയമനിര്‍മാണം, റിസര്‍വ് ഡ്യൂട്ടി, സൈനികകാലാവധി തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ യുദ്ധം നമ്മളെ അകത്ത് നിന്ന് തന്നെ നശിപ്പിക്കും. അധികം വൈകാതെ മിഷനുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് ഐഡിഎഫ് പിന്നോട്ടടിക്കും. റിസര്‍വ് സിസ്റ്റം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല’. സാമിറിനെ ഉദ്ദരിച്ച് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലുടനീളം ഇറാനെതിരെ അതിശക്തമായ രീതിയില്‍ ഇസ്രായേല്‍ മിസൈലാക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഐഡിഎഫ് മേധാവിയുടെ വെളിപ്പെടുത്തല്‍. ഇറാനെതിരായ ആക്രമണത്തിന് പുറമെ, ലെബനാനിലെ ഹിസ്ബുല്ലയ്ക്ക് നേരെയുള്ള ആക്രമണത്തിനും വെസ്റ്റ് ബാങ്കില്‍ സൈനികട്രൂപ്പുകളെ വിന്യസിക്കുന്നതിനുമായി ഏറെ നാളുകളായി ഐഡിഎഫ് സൈനികര്‍ മേഖലയിലുണ്ട്. ഇതിന് തിരിച്ചടിയെന്നോണം ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ വ്യാഴാഴ്ച ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നാല് ഇസ്രായേലീ സൈനികരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ആക്രമണത്തില്‍ 1,000-ലധികം സാധാരണക്കാര്‍ ലബനാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിനെതിരെ നൂറിലധികം റോക്കറ്റുകള്‍ ഹിസ്ബുല്ല തൊടുത്തുവിട്ടിരുന്നു. പിന്നാലെ, യുദ്ധത്തിൽ നിന്ന് യുദ്ധങ്ങളിലേക്ക് കുതിക്കുന്നതിനെതിരെ സൈനികർക്കിടയിലും കടുത്ത അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ടുകൾ.അതേസമയം, തുടര്‍ച്ചയായി സൈനികരെ യുദ്ധക്കളത്തിലേക്ക് പറഞ്ഞുവിടുന്നതില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. കൃത്യമായ പദ്ധതിയും മതിയായ സൈനികരും ആയുധങ്ങളുമില്ലാതെ ഒന്നിലധികം സംഘര്‍ഷങ്ങളിലേക്ക് സൈനികരെ പറഞ്ഞയക്കുന്നത് അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് യൈര്‍ ലാപിഡ് വിമര്‍ശിച്ചു. സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ എടുത്തുചാടുകയാണെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ ഐഡിഎഫിന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയിലും സമാനമായ രീതിയില്‍ സൈന്യത്തിനും ഭരണകര്‍ത്താക്കള്‍ക്കുമെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വംശീയ ഉന്മൂലനം, അധിനിവേശം എന്നിങ്ങനെ ഗസ്സക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ വംശഹത്യയുടെ നിര്‍വചനത്തില്‍ പെടുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഫെബ്രുവരി 28-ന് യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ മാത്രമായി 1,900-പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ റെഡ്ര് ക്രസന്റ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. 20,000-ത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. യഥാര്‍ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കും. അതേസമയം, ഇറാനിന് നേരെയുള്ള ആക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നെന്ന ട്രംപിന്റെ പ്രസ്താവനക്ക് വിരുദ്ധമായി ആക്രമണം തുടരുകയാണ് ഇസ്രായേല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button