ഐ.പി.എല്ലിൽ വിസ്മയമായി 15കാരൻ വൈഭവ് സൂര്യവംശി; ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്ന് പിയൂഷ് ചൗള

മുംബൈ: ഐ.പി.എൽ 2026ലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച 15കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് അതിവേഗം പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള. വെറും 17 പന്തിൽ നിന്ന് 52 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രായഭേദമന്യേ വിവിധ തലങ്ങളിൽ ഇതിനോടകം തന്നെ വലിയ സ്കോറുകൾ കണ്ടെത്തിയ വൈഭവിനെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്നാണ് ചൗളയുടെ അഭിപ്രായം. ഐ.പി.എല്ലിൽ ലോകനിലവാരമുള്ള ബൗളർമാരെയാണ് ഈ കൗമാരതാരം നേരിടുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര തലത്തിൽ 140 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള പന്തുകൾ നേരിടുന്നത് വൈഭവിന് പ്രയാസകരമാകില്ലെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോയോട് സംസാരിക്കവേ ചൗള പറഞ്ഞു. 15ാം വയസ്സിൽ തന്നെ അവൻ ലോകോത്തര ബൗളർമാരെ നേരിടുകയാണ്. അന്താരാഷ്ട്ര തലത്തിലേക്ക് എത്തുമ്പോൾ അവനതൊരു പുത്തൻ അനുഭവമാകില്ല. ഇതിനോടകം തന്നെ 140 കിലോമീറ്ററിലധികം വേഗതയുള്ള പന്തുകളെ അവൻ അതിർത്തി കടത്തിക്കഴിഞ്ഞു. അണ്ടർ-19, ആഭ്യന്തര ക്രിക്കറ്റ്, ഇന്ത്യ-എ തുടങ്ങി കളിച്ചയിടങ്ങളിലെല്ലാം വലിയ സെഞ്ചുറികൾ വൈഭവ് നേടിയിട്ടുണ്ട്. ഇത്തരത്തിൽ തന്നെയാണ് പ്രകടനമെങ്കിൽ അവനെ ഉടൻ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും ചൗള വ്യക്തമാക്കി. അതേസമയം, വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് എത്തിക്കണമെന്ന വാദത്തോട് ആർ. അശ്വിൻ വിയോജിച്ചു. എം.എസ് ധോണി 45 വയസ്സുവരെ കളിക്കുന്നത് ചൂണ്ടിക്കാട്ടിയ അശ്വിൻ വൈഭവിന് മുന്നിൽ ഇനിയും രണ്ടര പതിറ്റാണ്ടോളം ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിച്ചു. വൈഭവ് സൂര്യവംശിയെ സമ്മർദ്ദത്തിലാക്കരുതെന്നും. അവനൊരു കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സമയം പാകമാകുമ്പോൾ അവൻ തനിയെ ടീമിലെത്തും. ഇന്ത്യക്കായി കളിക്കാൻ കെൽപ്പുള്ള താരം തന്നെയാണ് അവൻ പക്ഷേ എന്തിനാണ് നമ്മൾ ഇത്ര തിടുക്കം കാണിക്കുന്നതെന്നും അശ്വിൻ ചോദിച്ചു. നിലവിലെ ഐ.പി.എൽ സീസണിൽ മികച്ച പ്രകടനം തുടരുകയാണെങ്കിൽ ടി20 ടീമിലേക്ക് വൈഭവിന് വഴി തുറന്നേക്കാമെന്ന് മുൻ താരം അമ്പാട്ടി റായുഡുവും അഭിപ്രായപ്പെട്ടു. എങ്കിലും ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൽ നിലവിൽ മികച്ച താരങ്ങൾ ഉണ്ടെന്നും അവരെ മറികടന്ന് ടീമിലെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും റായുഡു കൂട്ടിച്ചേർത്തു. ചെന്നൈക്കെതിരായ മത്സരത്തിൽ നാല് ഫോറും അഞ്ച് സിക്സറുകളുമടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button