ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീടിന് മുകളിൽ പതിച്ച് നാല് പേർക്ക് പരുക്ക്
ദുബൈ: തെക്കൻ ദുബൈയിൽ പ്രതിരോധ സേന തകർത്ത ഡ്രോൺ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചു. സംഭവത്തിൽ നാല് ഏഷ്യൻ പൗരന്മാർക്ക് നിസ്സാര പരുക്കേറ്റതായും ചില വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേട്ടത്.
വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ വീണ് ദുബൈ അൽ ബദായിലെ ഒരു വീടിന് തീപിടിച്ചു. ഇവിടെയുണ്ടായിരുന്ന നാല് പേർക്കാണ് പരുക്കേറ്റത്.
ദുബൈ തീരത്തിന് സമീപം കുവൈത്ത് ടാങ്കറായ ‘അൽ സാൽമി’ക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായി. യുഎഇ അധികൃതർ ഉടൻ ഇടപെട്ട് കപ്പലും പരിസരവും സുരക്ഷിതമാക്കി.
നേരത്തേ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കെട്ടിടം ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണത്തെ ഷാർജ അധികൃതർ വിജയകരമായി പ്രതിരോധിച്ചിരുന്നു. സംഭവത്തിൽ ആളപായമില്ല.
വരുന്ന ഭീഷണികളെ നിർവീര്യമാക്കുന്നതിനുള്ള പതിവ് പ്രതിരോധ നടപടികളുടെ ഭാഗമായിരുന്നു ഈ സ്ഫോടനങ്ങളെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി:
ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിൽ വീഴാതെ സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.
അവശിഷ്ടങ്ങളിൽ തൊടരുത്: വീടുകളിലോ പരിസരത്തോ വീണുകിടക്കുന്ന അവശിഷ്ടങ്ങൾ ഒഴിവാക്കണമെന്നും പ്രതികരണ സംഘങ്ങളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും താമസക്കാരോട് ആവശ്യപ്പെട്ടു.





