പ്രധാനമന്ത്രിയുടെ സന്ദർശനം: ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കലക്ടർ നിരോധിച്ചു

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കലക്ടർ നിരോധിച്ചു. ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജിലയിലെ ഹെലിപ്പാഡുകളിലും ഏപ്രിൽ നാലിന് പുലർച്ചെ 12 മുതൽ 24 മണിക്കൂർവരെയാണ് നിയന്ത്രണം. മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യു.എവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിനും നിരോധനമുണ്ട്. വ്യോമസേനക്കും എസ്.പി.ജിക്കും സംസ്ഥാന പൊലീസിനും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പിരാധിയിൽ വരുന്ന മറ്റു ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ല കലക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ ഉച്ചക്ക് 12 മുതൽ വൈകിട്ട് ആറുവരെ എം.സി റോഡിൽ ചങ്ങനാശേരിക്കും തിരുവല്ലക്കുമിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരുന്ന എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിലാണ് ഉച്ചക്ക് മൂന്നിന് ഹെലികോപ്റ്ററിൽ ഇറങ്ങുന്നത്. എം.സി റോഡിലൂടെ കാർ മാർഗം തിരുവല്ലക്കു പോകും. 680 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിക്കുന്നത്. എറണാകുളം റേഞ്ച് ഡി.ഐ.ജി അരുൾ ആർ.ബി. കൃഷ്ണ, കോട്ടയം ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. ആഷാദ് എന്നിവർക്കാണ് ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button