കാണാതായ പൈലറ്റ് എവിടെ? പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ, വിട്ടുകൊടുക്കാതെ യുഎസും

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്‍ തകര്‍ത്ത യുഎസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനായുള്ള തെരച്ചിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ‘മത്സരമായി’ മാറുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളിൽ ഒരാളെ അമേരിക്കൻ രക്ഷാസേന രക്ഷപ്പെടുത്തിയിരിരുന്നു. എന്നാൽ കാണാതായ രണ്ടാമത്തെ സൈനികനായി അമേരിക്കൻ പ്രത്യേക സേന തെരച്ചിൽ തുടരുകയാണ്. അതേസമയം, കാണാതായ അമേരിക്കൻ സൈനികനെ ജീവനോടെ പിടികൂടി കൈമാറുന്നവർക്ക് ഇറാൻ സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചു. പ്രാദേശിക ടെലിവിഷൻ ചാനലുകളിലൂടെയാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നതെന്നാണ് സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേത്തുടർന്ന് ഇറാനിലെ ഗോത്രവർഗക്കാരും ഗ്രാമീണരും പൈലറ്റിനായുള്ള തെരച്ചിലിൽ പങ്കുചേരുന്നുവെന്നാണ് വാര്‍ത്തകള്‍. തെക്കൻ ഖുസെസ്താൻ പ്രവിശ്യയിൽ നിന്നുള്ള ഒരു വീഡിയോയിൽ, തോക്കുകളും ഇറാൻ പതാകയുമായി ആളുകൾ തെരച്ചിൽ നടത്തുന്നത് കാണാം. പ്രചരിക്കപ്പെടുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. എന്നാല്‍ സൈനികനെ കണ്ടെത്താൻ ഹെലികോപ്റ്ററുകളും സി-130 വിമാനങ്ങളും ഉപയോഗിച്ച് അതീവ രഹസ്യമായ തെരച്ചിലാണ് അമേരിക്ക നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനിടെ അമേരിക്കൻ ഹെലികോപ്റ്ററുകൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് വെടിവയ്പുണ്ടായി. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസ് വിശദമായി ധരിപ്പിച്ചു. യുദ്ധസാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ സ്വാഭാവികമാണെന്നും ഇത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്നും ട്രംപ് പ്രതികരിച്ചു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. എഫ് 15 ഇ പോർവിമാനവും എ 10 വാർ തോഗ് വിമാനവുമാണ് ഇറാൻ വെടിവെച്ചിട്ടത്. അതേസമയം ഇറാന്റെ വ്യോമാതിർത്തിയിൽ വെച്ച് അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവം ഇരുരാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എൻബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button