കേരളത്തില്‍ അഞ്ചുദിവസം മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത
കേരളത്തില്‍ അഞ്ചുദിവസം മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംതിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കടുക്കുന്നു. വരുംദിവസങ്ങളില്‍ കേരളത്തിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലെയും മലയോര മേഖലകളിലെയും അഞ്ച് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അപ്രതീക്ഷിതമായി എത്തുന്ന ഇടിമിന്നല്‍ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ നല്കി.കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനരികിലോ ഭിത്തിയിലോ ചാരുന്നത് ഒഴിവാക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്ലഗ്ഗുകള്‍ ഊരിയിടുക. ഇടിമിന്നല്‍ സമയത്ത് ഫോണ്‍ (ലാന്‍ഡ്ലൈന്‍) ഉപയോഗിക്കരുത്. ടാപ്പുകളിലൂടെ വൈദ്യുതി സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കുന്നതും വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. തുറസായ സ്ഥലത്തോ ടെറസിലോ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മരച്ചുവട്ടില്‍ നില്ക്കുന്നതും മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കുക.വാഹനത്തിനുള്ളിലാണെങ്കില്‍ ഉള്ളില്‍ തന്നെ തുടരുന്നത് സുരക്ഷിതമാണ്. എന്നാല്‍ കൈകാലുകള്‍ പുറത്തിടരുത്. സൈക്കിള്‍, ബൈക്ക് യാത്രക്കാര്‍ സുരക്ഷിതമായ കെട്ടിടത്തില്‍ അഭയം തേടുക. മീന്‍പിടുത്തം, ബോട്ടിങ്, കുളി എന്നിവ മഴക്കാറ് കാണുമ്പോള്‍ തന്നെ നിര്‍ത്തിവെച്ച് കരയിലേക്ക് കയറണം. ചൂണ്ടയിടുന്നതും വലയെറിയുന്നതും അതീവ അപകടകരമാണ്. ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള ബോര്‍ഡുകള്‍, വസ്തുക്കള്‍ എന്നിവ കെട്ടി ഉറപ്പിക്കുക. തുണികള്‍ എടുക്കാന്‍ ഇടിമിന്നലുള്ളപ്പോള്‍ ടെറസിലേക്ക് പോകുന്നത് ഒഴിവാക്കുക.അന്തരീക്ഷം മേഘാവൃതമായി തുടങ്ങിയാല്‍ ഇടിമിന്നല്‍ ദൃശ്യമായില്ലെങ്കില്‍ പോലും സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. പ്രദേശത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ‘സചേത്’ പോലുള്ള ഔദ്യോഗിക ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.





