വിവാഹ വീട്ടിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
കൊല്ലം: പടിഞ്ഞാറേ കല്ലട വിളന്തറയിൽ കല്യാണ വീടിന് നേരെ എട്ടംഗ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ നാട് നടുങ്ങി. റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന സഹോദരങ്ങളെ തടഞ്ഞുനിർത്തി മർദിച്ച സംഘം, തുടർന്ന് കല്യാണ വീട്ടിലേക്ക് അതിക്രമിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം തകർക്കുകയായിരുന്നു.വാഹനങ്ങളുടെ അമിതവേഗത ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. കമ്പിവടിയും ഹെൽമറ്റും ഉപയോഗിച്ചുള്ള മർദനത്തിൽ പരിക്കേറ്റ ശ്യാം രാജ്, ബിനു എന്നിവരെ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെ ആരംഭിച്ച അക്രമം ഒരു മണിക്കൂറോളം നീണ്ടുനിന്നു. തുറന്ന ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം കല്യാണ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അടിച്ചുതകർക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭയന്നോടിയ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്.





