സംസ്ഥാനത്ത് 48 മണിക്കൂർ ഡ്രൈ ഡേ; ഇന്ന് വൈകുന്നേരം 6 മണി മുതൽ മദ്യശാലകൾ അടച്ചിടും
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വൈകിട്ട് 6 മണി വരെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല. വിദേശമദ്യ ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവയെല്ലാം ഈ 48 മണിക്കൂർ അടച്ചിടും. പ്രചാരണ സമയം അവസാനിക്കുന്നതോടെ അതത് മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും മണ്ഡലം വിട്ടു പോകണമെന്ന് നിർദ്ദേശമുണ്ട്.
വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗങ്ങൾ, ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ എന്നിവ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ടെലിവിഷൻ, സിനിമ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചു. വോട്ടെടുപ്പ് ദിവസവും തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.





