ഒറ്റക്കായി രണ്ട് കുരുന്നുകൾ: കോഴിക്കോട് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ പുത്തൻപുരയിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്.അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയുടെ ഉടമ കൂടിയാണ് ഷിജു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ ആനക്കാംപൊയിൽ-പുല്ലൂരാംപാറ റോഡിലെ തേക്കിൻതോട്ടത്തിന് സമീപമായിരുന്നു അപകടം. ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്.അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥികളായ അതുൽ, അമേയ എന്നിവർ മക്കളാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് നാടൊന്നാകെ.





