രണ്ടാഴ്ച്ചത്തേക്ക് വെടി നിറുത്തി : യുദ്ധ വിജയമെന്ന് ഇറാന്‍ സുപ്രിം കൗണ്‍സില്‍; എങ്ങും ആഹ്ലാദ പ്രകടനങ്ങള്‍
തെഹ്‌റാന്‍: രണ്ടാഴ്ചത്തേക്കുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ അംഗീകരിച്ചത് യുഎസിനും ഇസ്രായേലിനും മുന്നില്‍ 10 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട്. ഇവ അംഗീകരിച്ചുള്ള വെടിനിര്‍ത്തലിനാണ് ഇറാന്‍ തയാറായത്. ഇറാന്‍ മുന്നോട്ടു വെച്ച പത്തിന ഉപാധികളില്‍ തുടര്‍ ചര്‍ച്ചയുണ്ടാകും. പാകിസ്താന്റെ മധ്യസ്ഥതയില്‍ വെള്ളിയാഴ്ച ഈ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രാഥമികമായി യുഎസ് ഇതംഗീകരിച്ചത് യുദ്ധ വിജയമെന്ന് ഇറാന്‍ സുപ്രിം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തലിന് പിന്നാലെ ഇറാനിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുകയാണ്. തെഹ്‌റാനില്‍ ഇറാന്‍ പതാകയേന്തി ജനങ്ങള്‍ തെരുവിലിറങ്ങി.ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും എന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയ സമയപരിധി അവസാനിക്കവേയാണ് ഇറാനുമായി വെടിനിര്‍ത്തല്‍ സാധ്യമായത്. പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് താല്‍ക്കാലികമായി തുറക്കാന്‍ ഇറാന്‍ സമ്മതിച്ചതായി പാകിസ്താന്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് മേല്‍ സാമ്പത്തികമായ നിയന്ത്രണം ഉണ്ടാകും, ഇറാന്റെ മുഴുവന്‍ സഖ്യകക്ഷികള്‍ക്ക് നേരെയുമുള്ള ആക്രമണം നിര്‍ത്തണം, ഗള്‍ഫിലെ മുഴുവന്‍ മേഖലയില്‍ നിന്നും യുഎസ് സാന്നിധ്യം പിന്‍വലിക്കണം, ഇറാന് സമ്പൂര്‍ണമായ നഷ്ടപരിഹാരം വേണം, ഇറാനെതിരായ ഉപരോധങ്ങള്‍ ഇല്ലാതാക്കണം, വിദേശത്ത് മരവിപ്പിച്ച ഇറാന്റെ സ്വത്തുകള്‍ വിട്ടുനല്‍കണം, യുഎന്‍ സുരക്ഷാ സമിതി വഴി ഇതെല്ലാം നിയമപരമായി കരാറാക്കണം എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ചതിലെ പ്രധാന ഉപാധികള്‍.





