അടിച്ച് നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും’; വീഡിയോ എടുത്തയാൾക്കെതിരെ ശോഭാ സുരേന്ദ്രന്റെ കടുത്ത ഭീഷണി
‘

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടർക്ക് ബിജെപി പണം നൽകിയെന്ന ആരോപണത്തിൽ വീഡിയോ ചിത്രീകരിച്ചയാളെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രൻ. ഫോണിൽ തന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്താൽ അടിച്ച് കരണക്കുറ്റി പൊളിയ്ക്കുമെന്നായിരുന്നു ശോഭയുടെ ഭീഷണി. പണം കൈമാറിയ യുവതിയുടെ വല്ല്യമ്മയാണെന്നും ശോഭ പറയുന്നു. നിങ്ങൾ കൂടുതൽ വിലസേണ്ടെന്നും ശോഭ വീഡിയോ എടുത്തയാളോട് പറഞ്ഞു. മൊബൈൽ പിടിച്ച് നുറുക്കി കളയുമെന്നും തന്റെ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയുമെടുത്താൽ അടിച്ച് കരണക്കുറ്റി പൊളിക്കുമെന്നും ശോഭ പറഞ്ഞു. വീഡിയോ പകര്‍ത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ശോഭ ശ്രമിച്ചു.
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായാണ് ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.




