ഗുഗിള്‍ പേയിലെ ‘പോക്കറ്റ് മണി ഫീച്ചറിനെ കുറിച്ച് ചില കാര്യങ്ങൾ
ഡിജിറ്റല്‍ ഇടപാടുകളുടെ ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ ‘പോക്കറ്റ് മണി’ ഫീച്ചറുമായി ഗൂഗിള്‍ പേ.
രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികള്‍ക്ക് പണം ചെലവഴിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികള്‍ പണം ദുരുപയോഗം ചെയ്യുമോ എന്ന പേടിയില്ലാതെ തന്നെ അവർക്ക് ഡിജിറ്റല്‍ പോക്കറ്റ് മണി നല്കാൻ ഇത് സഹായിക്കും. എന്നാല്‍ ഇതിനെ കുറിച്ച് തട്ടിപ്പാണെന്ന തരത്തില്‍ വാട്സാപ്പില്‍ ഓഡിയോ പ്രചരിക്കുന്നുണ്ട്.
*എന്താണ് പോക്കറ്റ് മണി ഫീച്ചർ?*
യുപിഐ സർക്കിള്‍ എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ അക്കൗണ്ട് ഉപയോഗിച്ച് പണമടയ്ക്കാൻ മറ്റൊരാള്‍ക്ക് കുട്ടിക്കോ ഡിപ്പൻഡന്റിനോ അനുവാദം നല്കുന്ന രീതിയാണിത്. ഈ ഫീച്ചർ ഉപയോഗിക്കാൻ കുട്ടിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. രക്ഷിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുന്നത്. ഒരു രക്ഷിതാവിന് അഞ്ച് സെക്കൻഡറി ഉപയോക്താക്കളെ കുട്ടികള്‍, കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ സഹായികളേയോ ചേർക്കാം. കുട്ടിക്ക് സ്മാർട്ട്ഫോണും ഗൂഗിള്‍ പേ ആപ്പും ഉണ്ടായിരിക്കണം.
*രണ്ട് തരം നിയന്ത്രണങ്ങള്‍*
രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ചിലവുകള്‍ നിയന്ത്രിക്കാൻ രണ്ട് മോഡുകള്‍ തിരഞ്ഞെടുക്കാം. പ്രതിമാസ പരിധി 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ തുകയ്ക്കുള്ളില്‍ രക്ഷിതാവിന്റെ ഓരോ തവണത്തെയും അനുമതിയില്ലാതെ കുട്ടിക്ക് പണമടയ്ക്കാം. ഇത് ഒരു പ്രീപെയ്ഡ് അലവൻസ് പോലെ പ്രവർത്തിക്കും. ഇതിന് പകരം കുട്ടി നടത്തുന്ന ഓരോ പെയ്മെന്റിനും രക്ഷിതാവിന്റെ ഫോണില്‍ റിക്വസ്റ്റ് വരും. രക്ഷിതാവ് അത് അംഗീകരിച്ചാല്‍ മാത്രമേ പണം കൈമാറൂ. ബാങ്കിംഗ് നിയമങ്ങള്‍ പാലിക്കുന്നതിനായി, സെക്കൻഡറി ഉപയോക്താവിന്റെ വിവരങ്ങള്‍ രക്ഷിതാവ് സ്ഥിരീകരിക്കണം. കുട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സർക്കാർ തിരിച്ചറിയല്‍ രേഖകള്‍ ഇതിനായി നല്‍കേണ്ടതുണ്ട്.





