ചരിത്രം തിരുത്തി എറണാകുളം; നഗരമണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ്
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തും മികച്ച പോളിങ്. നഗരമണ്ഡലങ്ങളായ എറണാകുളത്തും തൃക്കാക്കരയിലും വോട്ടെടുപ്പ് തുടങ്ങിയത് മുതൽ വോട്ടർമാരുടെ തിരക്കായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ നഗര മണ്ഡലങ്ങളിൽ മന്ദഗതിയിലാണ് പോളിങ് പുരോഗമിച്ചിരുന്നതെങ്കിൽ, അതെല്ലാം തിരുത്തിക്കുറിച്ചാണ് ഈ വർഷത്തെ പോളിങ്. ത്രികോണ മത്സരപ്രതീതി ഉയർത്തിയ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും രാവിലെ മുതൽ വലിയ രീതിയിൽ പോളിങ് നടന്നു. ഉച്ച വരെ പോളിങ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നും രണ്ടും സ്ഥാനത്ത് തൃപ്പൂണിത്തുറയും കുന്നത്തുനാടുമായിരുന്നു. ഗ്രാമീണ മേഖലയിലെ മണ്ഡലങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ ഒരേ രീതിയിൽ പോളിങ് നടന്നു. വൈകുന്നേരത്തോടെ വലിയ തോതിൽ വോട്ടർമാരെത്തിയതോടെ പലയിടത്തും സമയം കഴിഞ്ഞും വോട്ടർമാരുടെ നിര നീണ്ടു. ഇതോടെ പത്തോളം ബൂത്തിൽ ആറ് മണി കഴിഞ്ഞും വോട്ടിങ് തുടർന്നു. ആലുവ ഉളിയന്നൂരിൽ ഏഴരക്കാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഇതോടെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ നിർദിഷ്ട കേന്ദ്രങ്ങളിലെത്താൻ രാത്രി ഏറെ വൈകി. കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ മത്സരിക്കുന്ന പറവൂരും കളമശ്ശേരിയും. അങ്കമാലി, പിറവം എന്നിവയാണ് ജില്ലയിൽ പോളിങ് ശതമാനം കുറവുള്ള മണ്ഡലങ്ങൾ.





