ബ്ലൂ ഡ്രം കൊലപാതക കേസ്: കുഞ്ഞിനൊപ്പമെത്തി ഭാര്യ, വികാരാധീനയായി സാഹിലിന്റെ അമ്മ
മീററ്റ്: രാജ്യത്തെ ഞെട്ടിച്ച സൗരഭ് രജ്പുത് കൊലപാതക കേസിലെ (ബ്ലൂ ഡ്രം കേസ്) പ്രതികളെ മീററ്റ് ജില്ലാ കോടതിയിൽ ഹാജരാക്കി. കൊല്ലപ്പെട്ട മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുത്തിന്റെ ഭാര്യ മുസ്‌കാൻ റസ്‌തോഗി, കാമുകൻ സാഹിൽ ശുക്ല എന്നിവരെയാണ് കനത്ത സുരക്ഷയോടെ കോടതിയിൽ എത്തിച്ചത്. ആറ് മാസം പ്രായമുള്ള കുഞ്ഞ് രാധയുമായാണ് മുസ്‌കാൻ കോടതി മുറിയിലെത്തിയത്. 2025 മാർച്ച് നാലിനായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. മുസ്‌കാനും സാഹിലും ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി ശരീരാവശിഷ്ടങ്ങൾ സിമന്റ് നിറച്ച നീല ഡ്രമ്മിലാക്കി ഒളിപ്പിക്കുകയായിരുന്നു. ചൗധരി ചരൺ സിങ് ജില്ല ജയിലിൽ കഴിയുന്ന പ്രതികളെ ചൊവ്വാഴ്ചയാണ് ജില്ല സെഷൻസ് ജഡ്ജി അനുപം കുമാറിന്റെ മുമ്പാകെ ഹാജരാക്കിയത്. ഏകദേശം 45 മിനിറ്റോളം നീണ്ട നടപടിക്രമങ്ങളിൽ സാഹിലിനെ 20 മിനിറ്റും മുസ്‌കാനെ 15 മിനിറ്റും കോടതി ചോദ്യം ചെയ്തു.കേസിൽ ഇതുവരെ 22 സാക്ഷികളുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.കോടതി പരിസരത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പ്രതികളെ ആരെയും സമീപിക്കാൻ പൊലീസ് അനുവദിച്ചില്ല. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സൗരഭിന്റെ അമ്മ രേണു ദേവിയും സഹോദരനും കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ വേളയിൽ സാഹിലിന്റെ മാതാവ് കോടതിയിൽ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരിലും നോവായീ. ബ്രഹ്മപുരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി പോപൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ വിചാരണ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ജില്ല സർക്കാർ അഭിഭാഷകൻ കൃഷ്ണ കുമാർ ചൗബെ അറിയിച്ചു.





