വടകരയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ഒൻപത് വയസുകാരി കോമയിലായ സംഭവം; കുട്ടിക്ക് 1.15 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
വടകരയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ഒൻപത് വയസുകാരി ദൃഷാന കോമയിലായ സംഭവത്തിൽ കുട്ടിക്ക് 1.15 കോടി നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. കേസ് തീർപ്പാക്കി. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. 9 വയസ്സുകാരിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്ഷോപ്പുകളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു.





