കോഴിക്കോട് സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ അപകടം; തൊഴിലാളി മരിച്ചു
കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ദിവസം സരോവരത്ത് വെച്ച് ബസിനടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഗിരി പ്രസാദും മറ്റൊരു തൊഴിലാളിയും ചേർന്ന് ബസ് ഉയർത്തി നിർത്തി ജോലി ചെയ്യുന്നതിനിടെ ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിന്റെ മുഴുവൻ ഭാരവും ശരീരത്തിലേക്ക് അമർന്ന് ഗിരി പ്രസാദിന് മാരകമായി പരിക്കേറ്റു.
അപകടത്തിന് പിന്നാലെ പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗിരി പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന തൊഴിലാളി നിലവിൽ ചികിത്സയിൽ തുടരുകയാണ്.
ഗിരി പ്രസാദിന്റെ മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.





