ജബൽപൂർ: ക്ലറിക്കൽ പിഴവിന്റെ പേരിൽ നിരപരാധിയായ യുവാവ് ജയിലിൽ കിടന്നത് ഒരുവർഷം. മധ്യപ്രദേശിലെ ഷഹ്ദോൽ ജില്ലക്കാരനായ സുശാന്ത് ബൈസ്(26) ആണ് വിവാഹം കഴിഞ്ഞ് ഏതാനും മാസത്തിനകം ചെയ്യാത്ത കുറ്റത്തിന് തടവറയിൽ കഴിഞ്ഞത്. ദേശ സുരക്ഷ നിയമപ്രകാരം ( നാഷണൽ സെക്യൂരിറ്റി ആക്ട് -എൻ.എസ്.എ) നീരജ്കാന്ത് ദ്വിവേദി എന്നയാളെ കരുതൽ തടങ്കലിൽ വെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ടൈപ്പ് ചെയ്ത ഉദ്യോഗസ്ഥന്റെ പിഴവ് കാരണം നീരജ്കാന്തിന് പകരം സുശാന്ത് ബൈസിന്റെ പേരാണ് രേഖപ്പെടുത്തിയത്. തുടർന്ന് സുശാന്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയായിരുന്നു. ‘കുഞ്ഞ് പിറന്നത് ഞാൻ ജയിലിലുള്ളപ്പോൾ, കണ്ടത് ആറുമാസം പ്രായമായപ്പോൾ’ ‘എന്റെ കുഞ്ഞിന്റെ ജനന സമയത്ത് ഞാൻ ജയിലിലായിരുന്നു. അവളുടെ ആദ്യ ദിനങ്ങൾ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല. ആറ് മാസം പ്രായമുള്ളപ്പോഴാണ് മകളെ ആദ്യമായി കൈയിലെടുക്കുന്നത്. ക്ലറിക്കൽ പിശകിന്റെ പേരിൽ എന്റെ ജോലിയും ജീവിതവും കീഴ്മേൽ മറിഞ്ഞു’ സുശാന്ത് വേദനയോടെ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് സുശാന്ത് അറസ്റ്റിലായത്. ഈ വർഷം സെപ്റ്റംബർ ഒമ്പതിന് മധ്യപ്രദേശ് ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടതിനെത്തുടർന്നാണ് ജയിൽ മോചിതനായത്. വിഷയത്തിൽ ഇടപെട്ട ഹൈകോടതി ഇത് ബുദ്ധിയില്ലാത്ത പ്രവൃത്തിയാണെന്ന് നിരീക്ഷിച്ചു. ജില്ല കലക്ടർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും, സുശാന്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കലക്ടറോട് നിർദേശിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വിവേക് അഗർവാൾ, എ.കെ. സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, തടങ്കൽ ഉത്തരവ് സൂക്ഷ്മമായി പരിശോധിക്കാത്തതിന് സംസ്ഥാന സർക്കാരിനെയും വിമർശിച്ചു. അറസ്റ്റിന് ഏതാനും മാസം മുൻപ് മാത്രം വിവാഹിതനായ സുശാന്തിന്റെ ജീവിതത്തിൽ ഈ ജയിൽവാസം ആഴത്തിലുള്ള മുറിവുകളാണ് ഏൽപിച്ചത്. ജയിലിലടച്ചത് കാരണം ജോലി സാധ്യതകൾ പോലും നഷ്ടമായതായി അദ്ദേഹം പറഞ്ഞു. ‘മകൾ അനയ മാർച്ച് 13-നാണ് ജനിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ജയിലിലായിരുന്നപ്പോൾ ഭാര്യ ഒറ്റയ്ക്ക് ഏറെ കഷ്ടപ്പെട്ടു. പണം കടം വാങ്ങിയാണ് മാതാപിതാക്കൾ എന്റെ കേസ് നടത്തിയത്. എനിക്ക് നഷ്ടപ്പെട്ട ആ സമയം തിരികെ നൽകാൻ ഒരു ഉത്തരവിനും പണത്തിനും കഴിയില്ല’ -സുശാന്ത് പറഞ്ഞു.

