പ്രതിയുടെ പേര് തെറ്റി; പകരം ജയിലിലായത് നിരപരാധി! മോചിപ്പിച്ചത് ഒരു വർഷത്തിന് ശേഷം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ എം.പി ഹൈകോടതി ഉത്തരവ്

ജബൽപൂർ: ക്ലറിക്കൽ പിഴവിന്റെ പേരിൽ നിരപരാധിയായ യുവാവ് ജയിലിൽ കിടന്നത് ഒരുവർഷം. മധ്യപ്രദേശിലെ ഷഹ്ദോൽ ജില്ലക്കാരനായ സുശാന്ത് ബൈസ്(26) ആണ് വിവാഹം കഴിഞ്ഞ് ഏതാനും മാസത്തിനകം ചെയ്യാത്ത കുറ്റത്തിന് തടവറയിൽ കഴിഞ്ഞത്. ദേശ സുരക്ഷ നിയമപ്രകാരം ( നാഷണൽ സെക്യൂരിറ്റി ആക്ട് -എൻ.എസ്.എ) നീരജ്കാന്ത് ദ്വിവേദി എന്നയാളെ കരുതൽ തടങ്കലിൽ വെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ടൈപ്പ് ചെയ്ത ഉദ്യോഗസ്ഥന്റെ പിഴവ് കാരണം നീരജ്കാന്തിന് പകരം സുശാന്ത് ബൈസിന്റെ പേരാണ് രേഖപ്പെടുത്തിയത്. തുടർന്ന് സുശാന്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയായിരുന്നു. ‘കുഞ്ഞ് പിറന്നത് ഞാൻ ജയിലിലുള്ളപ്പോൾ, കണ്ടത് ആറുമാസം പ്രായമായ​പ്പോൾ’ ‘എന്റെ കുഞ്ഞിന്റെ ജനന സമയത്ത് ഞാൻ ജയിലിലായിരുന്നു. അവളുടെ ആദ്യ ദിനങ്ങൾ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല. ആറ് മാസം പ്രായമുള്ളപ്പോഴാണ് മകളെ ആദ്യമായി കൈയിലെടുക്കുന്നത്. ക്ലറിക്കൽ പിശകി​ന്റെ പേരിൽ എ​ന്റെ ജോലിയും ജീവിതവും കീഴ്മേൽ മറിഞ്ഞു’ സുശാന്ത് വേദനയോടെ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് സുശാന്ത് അറസ്റ്റിലായത്. ഈ വർഷം സെപ്റ്റംബർ ഒമ്പതിന് മധ്യപ്രദേശ് ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടതിനെത്തുടർന്നാണ് ജയിൽ മോചിതനായത്. വിഷയത്തിൽ ഇടപെട്ട ഹൈകോടതി ഇത് ബുദ്ധിയില്ലാത്ത പ്രവൃത്തിയാണെന്ന് നിരീക്ഷിച്ചു. ജില്ല കലക്ടർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും, സുശാന്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കലക്ടറോട് നിർദേശിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വിവേക് ​​അഗർവാൾ, എ.കെ. സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, തടങ്കൽ ഉത്തരവ് സൂക്ഷ്മമായി പരിശോധിക്കാത്തതിന് സംസ്ഥാന സർക്കാരിനെയും വിമർശിച്ചു. അറസ്റ്റിന് ഏതാനും മാസം മുൻപ് മാത്രം വിവാഹിതനായ സുശാന്തിന്റെ ജീവിതത്തിൽ ഈ ജയിൽവാസം ആഴത്തിലുള്ള മുറിവുകളാണ് ഏൽപിച്ചത്. ജയിലിലടച്ചത് കാരണം ജോലി സാധ്യതകൾ പോലും നഷ്ടമായതായി അദ്ദേഹം പറഞ്ഞു. ‘മകൾ അനയ മാർച്ച് 13-നാണ് ജനിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ജയിലിലായിരുന്നപ്പോൾ ഭാര്യ ഒറ്റയ്ക്ക് ഏറെ കഷ്ടപ്പെട്ടു. പണം കടം വാങ്ങിയാണ് മാതാപിതാക്കൾ എന്റെ കേസ് നടത്തിയത്. എനിക്ക് നഷ്ടപ്പെട്ട ആ സമയം തിരികെ നൽകാൻ ഒരു ഉത്തരവിനും പണത്തിനും കഴിയില്ല’ -സുശാന്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button