നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം∙ നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. സംസ്കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്.

ഒട്ടേറെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ഇ.എ.രാജേന്ദ്രൻ നാടകങ്ങളും സംവിധാനം ചെയ്തു. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു. ഭാര്യ പിതാവ് ഒ. മാധവന്‍റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു. 1987ല്‍ മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അാവര്‍ഡ് ലഭിച്ചു. 1981ൽ ഗ്രീഷ്മം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. തുടർന്ന് നീണ്ട ഇടവേളയ്ക്കു ശേഷം, ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് രാജേന്ദ്രന്‍ സിനിമയില്‍ സജീവമാകുന്നത്. പ്രണയവര്‍ണങ്ങള്‍, പാട്ടാഭിഷേകം, ദയ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button