നടിയും മോഡലുമായ ഹർഷിൽ കാലിയ കാറപകടത്തിൽ മരിച്ചു
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുണ്ടായ കാറപകടത്തിൽ നടിയും മോഡലുമായ ഹർഷിൽ കാലിയ (30) മരിച്ചു. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.രാത്രി 11.30ഓടെ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്നയുടൻ പ്രദേശവാസികൾ ഓടിയെത്തി വാഹനം ഉയർത്തി ഹർഷിലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മോഡലിങ്ങിലൂടെയാണ് കാലിയയുടെ കരിയറിന്റെ തുടക്കം. ക്രൈം നെക്സ്റ്റ് ഡോർ എന്ന വെബ് സീരീസിലൂടെയും നിരവധി രാജസ്ഥാനി സംഗീത വിഡിയോകളിലൂടെയും ശ്രദ്ധേയമായ നടിയാണ് ഹർഷിൽ കാലിയ.





