റേഷന്‍ കടയിലേക്കും AI; മുഖം തിരിച്ചറിയും, ഗുണനിലവാരം ഉറപ്പാക്കും
ഭക്ഷ്യവകുപ്പ് പൊതുവിതരണരംഗത്ത് നിര്‍മിത ബുദ്ധി (എഐ) ഉപയോഗപ്പെടുത്തും. ഗുണഭോക്താക്കളുടെ ഉപഭോഗ രീതികള്‍, ഗോഡൗണിലെ സ്റ്റോക്കുനില, ചരക്കുനീക്കം, ധാന്യസംഭരണവും വിതരണവും, ഗുണനിലവാര പരിശോധന, സാമ്പത്തിക ഇടപാട് തുടങ്ങിയവയെല്ലാം എഐ നിരീക്ഷണത്തിലാക്കും.
പൊതുവിതരണ മേഖലയില്‍ ജനങ്ങളുടെ വിശ്വാസ്യത കൂട്ടാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031-ന്റെ ഭാഗമായി എഐ സംവിധാനം കൊണ്ടുവരുന്നത്.
റേഷന്‍ മേഖല ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ക്രമക്കേടുകള്‍ക്കും പോരായ്മകള്‍ക്കും സാധ്യതയുണ്ട്. എഐ സംവിധാനം വരുന്നതോടെ പൊതുവിതരണരംഗം പൂര്‍ണമായും സുതാര്യമാകും. ഓഡിറ്റിങ്ങിനും പ്രയോജനപ്പെടുത്തും. എഐ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അധികൃതര്‍ വ്യക്തമാക്കും.
*കാര്‍ഡുടമകളുടെ മുഖം തിരിച്ചറിഞ്ഞും റേഷന്‍*
ഗുണഭോക്താക്കളുടെ മുഖം തിരിച്ചറിഞ്ഞ് റേഷന്‍ധാന്യ വിതരണം നടത്താനുള്ള നൂതന സംവിധാനവും നിലവില്‍ വരും. ഇ-പോസ് യന്ത്രത്തില്‍ വിരലമര്ത്താതെയും മൊബൈല്‍ നമ്പര്‍ ഒടിപി ഇല്ലാതെയും റേഷന്‍ വാങ്ങാന്‍ കഴിയും. ഫെയ്സ് റെക്കഗ്നിഷന്‍ (മുഖം തിരിച്ചറിയല്‍) ആപ്പുവഴിയായിരിക്കുമിത്. റേഷന്‍, ആധാര്‍ കാര്‍ഡുകളില്ലെങ്കിലും വിഹിതം മുടങ്ങില്ല.
