ഒന്നരക്കോടിയുടെ വിദേശസ്വർണം കടത്താൻ ശ്രമിച്ച വിമാനത്താവള ശുചീകരണ ജീവനക്കാർ പിടിയിൽ
മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് ശുചീകരണ ജീവനക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 1.6 കോടി വിലമതിക്കുന്ന വിദേശ സ്വർണം നഗരത്തിലേക്ക് കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.വിമാനത്താവളത്തിലെ ആളുകളെ ഉപയോഗിച്ച് സ്വർണക്കള്ളക്കടത്ത് റാക്കറ്റ് സ്വർണം കടത്തുന്നതായ രഹസ്യ വിവരത്തെത്തുടർന്ന് ശനിയാഴ്ചയാണ് അറസ്റ്റ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരെ ഉപയോഗിച്ച് വിമാനം വഴി സ്വർണം കടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി, നിയന്ത്രിത മേഖലകളിലേക്ക് പ്രവേശനമുള്ള വിശ്വസ്തരായ വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് സ്വർണം വീണ്ടെടുക്കാനും ഇവർക്ക് കഴിയും. ടെർമിനലിലും എയ്‌റോബ്രിഡ്ജ് പ്രദേശത്തും ഡിആർഐ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ഒരു ക്ലീനിങ് ടീം ലീഡർ, എയ്‌റോബ്രിഡ്ജ് പടികളിൽ ഒരു പാക്കറ്റ് ഇടുന്നത് വ്യക്തമായിരുന്നു. പാക്കറ്റിൽ വെളുത്ത തുണിയിൽ കൃത്യമായി പൊതിഞ്ഞ നിലയിൽ മെഴുക് പരുവത്തിലുള്ള സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ക്ലീനിങ് ടീം ലീഡറെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ, പാക്കറ്റ് താൻ വെച്ചതാണെന്ന് അയാൾ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. തന്റെ സൂപ്പർവൈസർ വന്ന വിമാനത്തിൽ നിന്ന് സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ നൽകിയതാണെന്നും ഇയാൾ വെളിപ്പെടുത്തി. വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥർ സൂപ്പർവൈസറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടികളുടെ മറ്റു വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
