വിദ്യാർഥികളെ പീഡിപ്പിച്ചെന്ന പരാതി: ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ.ആഗ്രയിൽ നിന്നാണ് ഡൽഹി പൊലീസ് പിടികൂടിയത്. ചൈതന്യാനന്ദ സരസ്വതിയെ ഡൽഹിയിലേക്ക് കൊണ്ടുവരും. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ വിദ്യാർഥികളാണ് ചൈതന്യാനന്ദ സരസ്വതിക്ക് എതിരെ പരാതി നൽകിയത്.32 വിദ്യാര്‍ഥിനികളെ ചൈതന്യാനന്ദ ആവര്‍ത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ആറ് പേജുള്ള എഫ്ഐആറിൽ പറയുന്നു. അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.പണവും സൗജന്യ വിദേശ യാത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വാമി പെൺകുട്ടികൾക്ക് നൽകിയിരുന്നു. ഐഫോണുകൾ, ലാപ് ടോപ്പുകൾ, കാറുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥിനി പറഞ്ഞു. അഡ്മിഷൻ സമയത്ത് തന്നെ വിദ്യാര്‍ഥിനികളെ ലക്ഷ്യമിടും. ഉയര്‍ന്ന മാര്‍ക്ക്, വിദേശ ഇന്റേൺഷിപ്പുകൾ, മികച്ച പ്ലേസ്‌മെന്‍റുകൾ എന്നിവയുൾപ്പെടെയുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുക്കപ്പെട്ടവരെ സമീപിക്കും. ചൈതന്യാനന്ദ സരസ്വതി തന്നെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. 122 കോടി രൂപയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ വരെയുള്ള ആരോപണങ്ങൾ നേരിടുന്ന ചൈതന്യാനന്ദ സരസ്വതി ആഗസ്റ്റ് മുതൽ ഒളിവിലായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിത്താവളങ്ങള്‍ നിരന്തരം ഇയാള്‍ മാറ്റിയിരുന്നതായും പൊലീസ് പറയുന്നു.വിവിധ കേസുകളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 18 ബാങ്ക് അക്കൗണ്ടുകളിലും 28 സ്ഥിര നിക്ഷേപങ്ങളിലുമായി ഏകദേശം 8 കോടിയാണ് ഉള്ളത്. സ്വാമി സ്ഥാപിച്ച ഒരു ട്രസ്റ്റിന്‍റേതാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അഞ്ച് അന്വേഷണ സംഘങ്ങളാണ് പൊലീസ് ചൈതന്യാനന്ദയെ പിടികൂടാനായി നിയോഗിച്ചിുന്നത്. ശനിയാഴ്ച വൈകിട്ടാണ് ആഗ്രയിൽ വെച്ച് ഇയാളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button