സാന്റിയാഗോ (ചിലി): ഫിഫ അണ്ടർ 20 ഫുട്ബാൾ ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് മൊറോക്കോ കരുത്തരിൽ കരുത്തരായ അർജന്റീനക്കെതിരെ. ഏഴു തവണ ഫൈനലിലെത്തി ആറിലും കപ്പുമായി മടങ്ങിയ ചരിത്രമുണ്ട് നീലപ്പടയ്ക്ക്. ഇതാദ്യമായി കലാശപ്പോരിനിറങ്ങുന്ന മൊറോക്കോക്കാവട്ടെ 2005ൽ ലഭിച്ച നാലാംസ്ഥാനമാണ് ഏറ്റവും വലിയ നേട്ടം. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ച 4.30 മുതലാണ് മത്സരം. വെളുപ്പിന് 12.30ന് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസും കൊളംബിയയും ഏറ്റുമുട്ടും. സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അർജന്റീന തകർത്തപ്പോൾ യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. അർജന്റീനക്ക് 2007ന് ശേഷം ആദ്യ ഫൈനലാണ്. 1979, 1995, 1997, 2001, 2005, 2007 വർഷങ്ങളിൽ ഇവർ കിരീടം സ്വന്തമാക്കിയപ്പോൾ 1983ൽ ബ്രസീലിനോട് കലാശപ്പോരിൽ തോറ്റു. ഘാനയാണ് (2009) ലോകകിരീടം നേടിയ ഏക ആഫ്രിക്കൻ ടീം. ഈ ചരിത്രം പങ്കിടാനുള്ള ശ്രമത്തിലാണ് മൊറോക്കോ.
