Site icon Newskerala

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യ രാജേന്ദ്രന്റെ ഓഫിസ്; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്ത്. മേയറുടെ ഓഫിസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീട്ടിലെത്തി സത്യവാങ്മൂലം എഴുതി വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സിപിഐഎം പ്രാദേശിക നേതാവ് ധനേഷ് കുമാറിന്റെ പരാതിയിലാണ് മേയറുടെ ഓഫീസ് നേരിട്ട് ഇടപെട്ടത്. അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടുനമ്പറില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നുമായിരുന്നു സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പരാതി.
മേയറുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ സ്റ്റാഫുകള്‍ നേരിട്ട് സുധാ ഭവന്‍ എന്ന ഈ വീട്ടിലെത്തി അന്വേഷണം നടത്തി അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിച്ചു എന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ധനേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുഡി ക്ലാര്‍ക്ക് ജി.എം കാര്‍ത്തിക നടത്തിയ അന്വേഷണത്തില്‍ ഈ വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.
വൈഷ്ണ നല്‍കിയ രേഖകള്‍ പരിശോധിക്കാതെ സൂപ്രണ്ട് ആര്‍. പ്രതാപ ചന്ദ്രന്‍ നടത്തിയ ഹിയറിങില്‍ കാര്‍ത്തികയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം എന്ന് ശുപാര്‍ശ ചെയ്തു. പിന്നാലെ ഇലക്ടറല്‍ ഓഫിസര്‍ കൂടിയായ അഡിഷനല്‍ സെക്രട്ടറി വി സജികുമാര്‍ വൈഷ്ണയുടെ പേര് ഒഴിവാക്കുകയായിരുന്നു.

ഇതിനിടെയാണ് കോര്‍പ്പറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സമാന്തര ഇടപെടല്‍ നടത്തിയത്. വൈഷ്ണ താമസിക്കുന്ന വീട്ടിലെത്തി, തങ്ങളാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും 2 വര്‍ഷമായി മറ്റാരും ഇവിടെയില്ല എന്നുള്ള സത്യവാങ്മൂലം ഇവര്‍ താമസക്കാരില്‍ നിന്നും എഴുതി വാങ്ങി.

Exit mobile version