സിം മാറ്റുന്നത് പോലെ എളുപ്പം; എൽപിജി ഗ്യാസ് കണക്ഷൻ ഇനി ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറ്റാം

ഡൽഹി: ഗ്യാസ് ബുക്ക് ചെയ്‌താൽ കൃത്യ സമയത്ത് കിട്ടാറുണ്ടോ? കാലതാമസം വരാറുണ്ടോ? നിലവിലുള്ള കമ്പനിയിൽ തൃപ്ത‌ിയില്ലെങ്കിൽ പുതിയ കമ്പനി നിങ്ങൾക്ക് തന്നെ തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമായ രീതിയിൽ, ഉപഭോക്താക്കൾക്ക് ഇനി എൽപിജി ഗ്യാസ് കണക്ഷൻ ഇഷ്‌ടമുള്ള വിതരണ കമ്പനിയിലേക്ക് മാറ്റാൻ സാധിക്കും.
ഇതുമായി ബന്ധപ്പെട്ട ചട്ടക്കൂടിനായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചു. ഒക്ടോബർ പകുതിയോടെ അഭിപ്രായങ്ങൾ സമർപ്പിക്കണം. തുടർന്ന് പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കും. ടെലികോം മേഖലയിൽ ഇത് വിജയമാണെങ്കിലും എൽപിജി മേഖലയിൽ ഇതൊരു പുതിയ പരീക്ഷണമാണ്. ഗ്യാസ് ബുക്ക് ചെയ്ത്‌ കഴിഞ്ഞാൽ കാലതാമസം വരുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരം തടസങ്ങൾ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പിഎൻജിആർബി നോട്ടീസിൽ വ്യക്തമാക്കുന്നു. 2013-ൽ യുപിഎ സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചിരുന്നു. 2014 മുതൽ തന്നെ എൽപിജി ഉപഭോക്താക്കൾക്ക് എണ്ണക്കമ്പനിയെ മാറ്റുന്നതിന് പകരം അവരുടെ ഡീലർമാരെ മാത്രം മാറ്റാനുള്ള പരിമിതമായ ഓപ്ഷനുകൾ അനുവദിച്ചിരുന്നു.
2025 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് 32 കോടിയിലധികം കണക്ഷനുകളുള്ള ഇന്ത്യ ഏതാണ്ട് സാർവത്രിക എൽപിജി ഗാർഹിക കവറേജ് നേടിയിട്ടുണ്ടെന്ന് പിഎൻജിആർബി പ്രസ്താവനയിൽ പറയുന്നു. വർഷം തോറും 17 ലക്ഷത്തിലധികം ഉപഭോക്താക്കൾ വിതരണ കാലതാമസം സംബന്ധിച്ച് പരാതികളുമായി രംഗത്തെത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button