ഏഷ്യകപ്പ് വിവാദം: ഹാരിസ് റൗഫിന് സസ്പെൻഷൻ, സൂര്യകുമാറിന് പിഴ, ബുംറക്ക് ഡീമെരിറ്റ് പോയന്‍റ്
ദുബൈ: ഏഷ്യകപ്പിൽ ഇന്ത്യ -പാകിസ്താൻ മത്സരങ്ങൾക്കിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ കായിക വേദിയിൽ മുമ്പില്ലാത്ത വിധം ഇന്ത്യ -പാക് താരങ്ങൾ വിവാദ ആംഗ്യങ്ങൾ കാണിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. സെപ്റ്റംബർ 14, 21, 28 തീയതികളിലാണ് ഏഷ്യകപ്പിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ ഏറ്റുമുട്ടിയത്. മത്സരങ്ങളിലുയർന്ന പരാതികളിൽ മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനൽ ചൊവ്വാഴ്ചയാണ് വാദം കേൾക്കൽ പൂർത്തിയാക്കിയത്. സെപ്റ്റംബർ 14ന് നടന്ന മത്സരത്തിനു പിന്നാലെ വിജയം പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കും സൈനികർക്കുമായി സമർപ്പിക്കുന്നുവെന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാറിന്‍റെ പരാമർശം വലിയ വിവാദമായിരുന്നു. ഇതിൽ പാകിസ്താൻ പരാതി നൽകി. പരാമർശം തെറ്റാണെന്ന് വിധിച്ച ഐ.സി.സി എലൈറ്റ് പാനൽ, താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ വിധിച്ചു. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ വകുപ്പ് 2.21 സൂര്യകുമാർ ലംഘിച്ചെന്നാണ് പാനലിന്‍റെ കണ്ടെത്തൽ. രണ്ട് ഡീമെരിറ്റ് പോയന്‍റും താരത്തിന് ചുമത്തി. പാകിസ്താൻ പേസർ ഹാരിസ് റൗഫിന് കടുത്ത ശിക്ഷയാണ് ഐ.സി.സി വിധിച്ചത്. സൂപ്പർ ഫോറിലും ഫൈനലിലുമായി രണ്ടുതവണയാണ് റൗഫ് പ്രകോപനപരമായ ആംഗ്യം കാണിച്ചത്. സൂപ്പർ ഫോറിലെ മത്സരത്തിനിടെ കാണികൾക്കു നേരെ 6-0 ആംഗ്യവും വിമാനം വീഴുന്ന ആംഗ്യവുമാണ് റൗഫ് കാണിച്ചത്. ഇതേ മത്സരത്തിൽ പാക് ബാറ്റർ സാഹിബ്സാദ ഫർഹാന്‍റെ ‘ഗൺഷോട്ട്’ സെലിബ്രേഷനും വിവാദമായി. ഇതോടെ പാക് താരങ്ങൾക്കെതിരെ ഐ.സി.സിക്ക് ബി.സി.സി.ഐ പരാതി നൽകി. വാദം കേട്ടശേഷം ഫർഹാന് ഐ.സി.സി വക താക്കീതും ഒരു ഡീമെരിറ്റ് പോയന്‍റും നൽകി. റൗഫിന് ലഭിച്ചതാകട്ടെ മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡീമെരിറ്റ് പോയന്റും. ഇന്ത്യ-പാക് ഫൈനലിനിടെ വീണ്ടും വിമാനം വീഴുന്ന ആംഗ്യം കാണിച്ച റൗഫിന് രണ്ട് ഡീമെരിറ്റ് പോയിന്‍റുകൂടി അധികമായി ലഭിച്ചു. രണ്ട് മത്സരങ്ങളിലും മാട്ട് ഫീയുടെ 30 ശതമാനം വീതം പിഴയൊടുക്കുകയും വേണം. ഇതോടെ 24 മാസത്തിനിടെ നാല് ഡീമെരിറ്റ് പോയന്‍റായ റൗഫിന് രണ്ട് സസ്പെൻഷൻ പോയന്‍റുമായി. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരത്തിന് കളത്തിലിറങ്ങാനാകില്ല. ഫൈനലിൽ റൗഫിന്‍റെ വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ‘പ്ലെയിൻ’ സെന്‍റോഫാണ് താരത്തിന് നൽകിയത്. ഇതും പെരുമാറ്റച്ചട്ട ലംഘനമാണ്. ബുംറക്ക് താക്കീതും ഒരു ഡീമെരിറ്റ് പോയന്‍റുമാണ് ഐ.സി.സി വിധിച്ചത്. അർഷ്ദീപ് സിങ്ങിനെതിരെയും പരാതി ഉയർന്നെങ്കിലും താരത്തെ കുറ്റവിമുക്തനാക്കി.





