ഇറാനുനേരെയുള്ള ആക്രമണം ചെന്നെത്തുക ഒരു ആണവ ദുരന്ത സാധ്യതയിലേക്ക്!! ആക്രമണത്തിനു മുൻപുള്ള അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ

ന്യൂഡൽഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു. ഈ നീക്കങ്ങൾ ആഗോള ആണവ വ്യാപന നിരോധന സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അന്താരാഷ്ട്ര സുരക്ഷാ സാഹചര്യത്തെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

റഷ്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, വാഷിങ്ടണും ടെൽ അവീവും വീണ്ടും അപകടകരമായ ഒരു വഴിയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ഈ നടപടി പശ്ചിമേഷ്യയെ മനുഷ്യാവകാശ, സാമ്പത്തിക, അതേസമയം ആണവ ദുരന്ത സാധ്യതയിലേക്കും നയിക്കാമെന്നും ചൂണ്ടിക്കാട്ടി.

ആക്രമണങ്ങൾക്ക് മുമ്പ് നടന്ന സൈനികവും രാഷ്ട്രീയവുമായ തയ്യാറെടുപ്പുകൾ, മേഖലയിലേക്ക് അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചത് എന്നിവയെല്ലാം കൂടി പരിശോധിക്കുമ്പോൾ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത, പ്രകോപനമില്ലാത്ത ആയുധാക്രമണമാണ് നടത്തിയതെന്നും റഷ്യ ആരോപിച്ചു. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര അംഗരാജ്യമായ ഇറാനെതിരെ നടത്തിയ ഈ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
നിലവിൽ ഇറാനിലെ ആണവ സൗകര്യങ്ങൾ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും റഷ്യ വ്യക്തമാക്കി. ആഗോള ആണവ വ്യാപന നിയന്ത്രണത്തിന്റെ അടിസ്ഥാനം കൂടിയായ ന്യൂക്ലിയർ നോൺ- പ്രൊലിഫറേഷൻ ട്രീറ്റി (എൻപിടി)) തുറന്നു പരിഗണിക്കപ്പെടുന്ന സാഹചര്യമാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇസ്രയേലും ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്ന പേരിൽ നടത്തുന്ന നടപടികൾ യാഥാർത്ഥ്യത്തിൽ ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മറിച്ച്, പശ്ചിമേഷ്യയെ നിയന്ത്രണാതീതമായ സംഘർഷത്തിലേക്ക് തള്ളിവിടുന്നത് ലോകത്തിലെ മറ്റ് രാജ്യങ്ങളെ കൂടുതൽ ഗുരുതരമായ പ്രതിരോധ മാർഗങ്ങൾ തേടാൻ പ്രേരിപ്പിക്കുമെന്ന ആശങ്കയും റഷ്യ പങ്കുവച്ചു.
ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യുണേറ്റഡ് നേഷന്റെ നേതൃത്വവും IAEAയും സംഭവങ്ങളെ കുറിച്ച് അടിയന്തരമായി നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ നടത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനവും സ്ഥിരതയും സുരക്ഷയും തകർക്കുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിച്ച് ഉടൻ തന്നെ രാഷ്ട്രീയ- നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും, അന്താരാഷ്ട്ര നിയമവും പരസ്പര ബഹുമാനവും തുല്യമായ താൽപര്യപരിഗണനയും അടിസ്ഥാനമാക്കിയുള്ള സമാധാനപരമായ പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ റഷ്യ സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button