തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കടത്താൻ ശ്രമം; ഇടനിലക്കാരനായ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പാലക്കാട്: തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി പനീർശെൽവമാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.സ്ഫോടക വസ്തുക്കൾ എത്തിച്ചു നൽകിയ ഇടനിലക്കാരനാണ് പനീർശെൽവമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. തമിഴ്നാട് തിരുവണ്ണാമലൈയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പിക്കപ്പ് വാനിന് അകമ്പടി വന്ന കാർ ഡ്രൈവർ തമിഴ്നാട് സ്വദേശി ദുരൈരാജിനെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.ബുധനാഴ്ച രാത്രിയായിരുന്നു വൻ സ്ഫോടക ശേഖരം പിടികൂടിയത്. തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. മെഡിക്കല്‍ കോളേജിന് സമീപം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്.ടാര്‍പ്പായ ഉപയോഗിച്ച് മൂടിയ വാഹനത്തിനുള്ളില്‍ മുകളില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ നിരത്തി അതിനു താഴെ 100-ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ സെന്തിൽ കുമാർ പൊലീസിൻെ കസ്റ്റഡിയിലാണ്.





