നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ചതില്‍ ആരോപണവിധേയയായ ഡോക്ടർക്ക് സസ്പെൻഷൻ. ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെയാണ് നടപടി. കൈക്കൂലി ആരോപണം കൂടി ശ്രദ്ധയില്‍ പെട്ടതോടെയാണ് അച്ചടക്ക നടപടി. പോസ്റ്റ്മോര്‍ട്ടം നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും. കഴിഞ്ഞ ദിവസമാണ് പാലോട് സ്വദേശിയായ നിരഞ്ചന-ബിനില്‍ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്.സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിരുന്നുവെന്നും ഇതെല്ലാം അന്വേഷിച്ചുകൊണ്ട് നടപടിയെടുക്കുമെന്നും മെഡിക്കൽ കോളജിൽ നിന്നുള്ള രണ്ട് അന്വേഷണസംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും ഇന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി. ആശുപത്രിയിലെത്തിയ ഒരാളെയും ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നും ആരോഗ്യവകുപ്പിന്റെ നടപടിയിൽ നന്ദിയുണ്ടെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ബന്ധുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ഇവര്‍ പറഞ്ഞു. നിരഞ്ജനയുടെ സിസേറിയന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് പ്രസവശസ്ത്രക്രിയക്കിടെ മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടര്‍ ബിന്ദു സുന്ദറുടെ നേതൃത്വത്തിലായിരുന്നു സിസേറിയന്‍. സംഭവത്തില്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.ബിന്ദു സുന്ദറിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പൊലീസെത്തിയാണ് ജീപ്പിൽ കയറ്റി ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം തുടര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button