ബേങ്ക് വായ്പ: ദീർഘകാലമായി തിരച്ചടവ് മുടങ്ങി, പ്രവാസികൾക്ക് വിമാനത്താവളത്തിൽ പിടിവീഴും

കുവൈത്തിലെ ബേങ്കുകളിൽ നിന്നും വായ്പയെടുത്ത് നാട്ടിൽ കഴിയുകയും ദീർഘകാലം തിരിച്ചടവ് മുടങ്ങുകയും ചെയ്താൽ തിരിച്ചു കുവൈത്ത് വിമാനത്താവളത്തിൽ എത്തുമ്പോൾ പിടിയിലാകും.
കടബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളിൽ പെട്ടവർക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പുതിയ നീക്കവും നടന്നുവരുന്നതായാണ് റിപോർട്ട്. ദീർഘകാലം വായ്പാ തിരിച്ചടവ് മുടങ്ങിയവർക്കെതിരെ ബേങ്കുകൾ നടപടി ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപോർട്ട് ചെയ്തു.
വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തി രാജ്യത്തിന് പുറത്ത് കഴിയുന്നവരും കുവൈത്തിൽ കഴിയുന്നവരും സുരക്ഷാ പരിശോധനയിൽ പിടിയിലാകും. കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് വാറണ്ട് നേരിടുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പട്രോൾ വാഹനങ്ങളിൽ ഈയടുത്ത് പ്രത്യേക സംവിധാനം സജ്ജീകരിച്ചിരുന്നു. ഇതിനു പുറമേ അതിർത്തി ചെക്ക് പോസ്റ്റുകളിലും അധികൃതർ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.




