Site icon Newskerala

ഇന്ത്യന്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണിക്ക് ബി.സി.സി.ഐ; ഗംഭീറിന് പടിയിറങ്ങേണ്ടി വരുമോ?

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സംഘത്തില്‍ ബി.സി.സി.ഐ അഴിച്ചു പണിക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ പരിശീലകനായ ഗൗതം ഗംഭീറിനെ മാറ്റാന്‍ ബി.സി.സി.ഐ തയ്യാറെടുക്കുകയാണെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കത്തിന്റെ ഭാഗമായി ബി.സി.സി.ഐയിലെ ഉന്നത അംഗം വി.വി.എസ് ലക്ഷ്മണനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് ബി.സി.സി.ഐ അംഗം ലക്ഷ്മണനെ സമീപിച്ചത്. എന്നാല്‍, ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് ആയി തുടരുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ലക്ഷ്മണന്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനൊപ്പം തന്നെ 2026 ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിന് അനുസരിച്ചായിരിക്കും പരിശീലകനായി ഗംഭീറിന്റെ ഭാവിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തുകയോ കിരീടം നിലനിര്‍ത്തുകയോ ചെയ്താല്‍ പരിശീലക സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നേക്കും.

എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ കാര്യത്തില്‍ വ്യക്തതയില്ല. 2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിന് കരാര്‍ ഉണ്ടെങ്കിലും ഏത് സമയത്തും ഇത് മാറിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതതലത്തില്‍ ഗംഭീറിന് ശക്തമായ പിന്തുണയുണ്ട്, ഇന്ത്യ ടി – 20 ലോകകപ്പ് നിലനിര്‍ത്തുകയോ അല്ലെങ്കില്‍ ഫൈനലില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഗംഭീര്‍ പരിശീലകനായി തുടരുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍, ടെസ്റ്റില്‍ പരിശീലകനായി തുടരുമെന്ന കാര്യം വ്യക്തമല്ല.
വി.വി.എസ്. ലക്ഷ്മണിന് സീനിയര്‍ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യമില്ല എന്നതും ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ നിലവില്‍ ഇല്ല എന്നതും ഗംഭീറിന് അനുകൂല ഘടകമാണ്,’ പേര് വെളിപ്പെടുത്താത്ത ഒരു ബി.സി.സി.ഐ വൃത്തം പി.ടി.ഐയോട് പറഞ്ഞു.
ഗംഭീറിന് കീഴില്‍ ഇന്ത്യ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം ടെസ്റ്റ് ടീമിന്റെ പരിശീലകനായതിന് ശേഷം ടീമിന് പല ആധിപത്യങ്ങളും നഷ്ടമായിരുന്നു. ന്യൂസിലന്‍ഡിന് എതിരെയും സൗത്ത് ആഫ്രിക്കക്ക് എതിരെയും വര്‍ഷങ്ങളുടെ ഇടവേളയില്‍ പരമ്പരകള്‍ കൈവിട്ടിരുന്നു.

Exit mobile version