ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും 11.4 കോടി മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം തടയൽ നിയമപ്രകാരം റെയ്നയുടെ 6.64 കോടി മ്യൂച്ചൽ ഫണ്ട് നിക്ഷേപവും ധവാന്‍റെ 4.5 മൂല്യമുള്ള സ്ഥാവര സ്വത്തുമാണ് കണ്ടുകെട്ടിയത്. 1എക്സ്ബെറ്റ് എന്ന ഓൺലൈൻപ്ലാറ്റ്ഫോമും സഹബ്രാൻഡുകളായ 1എക്സ്ബാറ്റ്, 1എക്സ്ബാറ്റ് സ്പോർട്ടിങ് ലൈൻസ് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തത്. വിദേശികളുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിന്‍റെ പരസ്യത്തിനും മറ്റ് പ്രൊമോഷനുകൾക്കുമായി താരങ്ങൾ അറിഞ്ഞുകൊണ്ട് കരാറിൽ ഒപ്പിട്ടുവെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവരെയും യുവരാജ് സിങ്, റോബിൻ ഉത്തപ്പ തുടങ്ങിയ മുൻ താരങ്ങൾക്കും ബോളിവുഡ് താരങ്ങളായ സോനു സുദ്, ഉർവശി റൗത്തേല, തൃണമൂൽ മുൻ എം.പി മിമി ചക്രബർത്തി, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവർക്കുമൊപ്പം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ബാങ്ക് അക്കൗണ്ടുകളും പരിശോധക്ക് വിധേയമാക്കി.

നേരത്തെ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി യുവരാജ് സിങ് ഹാജരായിരുന്നു. ആപ്പിനെതി​രെ നികുതി വെട്ടിപ്പിന് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ​ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഡൽഹിയിലെ ഇ.ഡി ഓഫിസിൽ അഭിഭാഷകനൊപ്പം യുവരാജ് എത്തിയത്. മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയും ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. കേസിൽ സുരേഷ് റെയ്ന, ശിഖർ ധവാൻ തുടങ്ങിയ ക്രിക്കറ്റർമാരെയും ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് തരാങ്ങളുടെ സ്വത്ത് കണ്ടുകെട്ടിയത്. ലക്ഷക്കണക്കിന് ഉപയോക്താക്കളും നിക്ഷേപകരുമുള്ള ആപ്പ് കോടികളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button