‘ബി.ജെ.പി ചതിച്ചു, മുന്നണി മര്യാദ പാലിച്ചില്ല’; എൻ.ഡി.എയിൽ പൊട്ടിത്തെറി, തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ഡി.ജെ.എസ്, സ്ഥാനാർഥി പ്രഖ്യാപനം നാളെ
തിരുവനന്തപുരം: ബി.ജെ.പി മുന്നണി മര്യാദ പാലിച്ചില്ലെന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങി ബി.ഡി.ജെ.എസ്. തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് എൻ.ഡി.എയിലെ പിളർപ്പ് പരസ്യമായത്. തിങ്കളാഴ്ച 20 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ബി.ഡി.ജെ.എസ് നേതൃത്വം അറിയിച്ചു. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ 67 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. മുൻ ഡി.ജി.പി ആർ. ശ്രിലേഖയാണ് ശാസ്തമംഗലത്ത് മത്സരിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പത്മിനി തോമസ്, വി.വി. രാജേഷ് തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അംഗമായിരുന്ന പത്മിനി തോമസ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയില്‍ ചേർന്നത്. ഭരിക്കാൻ ഒരു അവസരമാണ് ബി.ജെ.പി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു ഭരണം കാഴ്ചവയ്ക്കും. തലസ്ഥാനത്തിന്റെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള ഭരണമാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.





