മാസവാടക 7.50 ലക്ഷം; കോടികളുടെ വീട് വാടകക്ക് നൽകി ബോളിവുഡ് താരം
ജിസം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച് ആദ്യ സിനിമതന്നെ സൂപ്പർ ഹിറ്റായ താരമാണ് ജോൺ എബ്രഹാം. മലയാളിയായ ജോണിന്റെയും പാഴ്സിയായ ഫർഹാന്റെയും മകനായ എബ്രഹാമിന് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലയളവിൽതന്നെ സിനിമയിൽ ശ്രദ്ധേയനാവാൻ സാധിച്ചു. ഇപ്പോഴിതാ മുംബൈയിലെ തന്റെ ആഢംബര ഫ്ലാറ്റ് വാടകക്ക് നൽകി താരം വീണ്ടും ചർച്ചയാവുകയാണ്.മുംബൈയിൽതന്നെ മൂന്നിലധികം ആഢംബര ഫ്ലാറ്റുകളാണ് താരത്തിന്റേതായി ഉള്ളത്. അതിൽ ഒന്നാണിപ്പോൾ വാടകക്ക് നൽകിയിരിക്കുന്നത്. മുംബൈയിലെ ബാന്ദ്ര പ്രദേശത്തുള്ള തന്റെ 2,000 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റാണ് അദ്ദേഹം വാടകക്ക് നൽകിയത്. പ്രതിമാസം 7.50 ലക്ഷം രൂപ വാടക ഈടാക്കുന്നുണ്ട്. അപ്പാർട്ട്മെന്റിനായി 2.4 മില്യൺ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകിയിട്ടുണ്ട്. സി.ആർ.ഇ മാട്രിക്സിൽ നിന്ന് ലഭിച്ച പ്രോപ്പർട്ടി രജിസ്ട്രേഷൻ വിവരങ്ങൾ പ്രകാരം, ഗ്രീൻ ഏക്കേഴ്സ് എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഈ അപ്പാർട്ട്മെന്റ് 36 മാസത്തേക്കാണ് ജോൺ വാടകക്ക് നൽകിയിട്ടുള്ളത്. ഇതിൽ മാസ വാടക വരിക 7.50 ലക്ഷം രൂപയാണ്. ഒക്ടോബർ 30ന് ഇടപാട് രജിസ്റ്റർ ചെയ്തു. ഇതിനായി വാടകക്കാരൻ 70,100 സ്റ്റാമ്പ് ഡ്യൂട്ടിയും 1,000 രജിസ്ട്രേഷൻ ഫീസും അടച്ചു.മുംബൈയിലെ ഖാർ പ്രദേശത്തുള്ള ഈ ആഡംബര സ്വത്ത് 2023 ഡിസംബറിലാണ് ജോൺ എബ്രഹാം സ്വന്തമാക്കിയത്. 70.83 കോടി രൂപ വിലമതിക്കുന്നതാണീ ആഢംബര ഭവനം. പ്രീമിയം റെസിഡൻഷ്യൽ ഏരിയയിൽ പ്രശസ്ത താരങ്ങൾ സ്വന്തമാക്കുന്ന ഇത്തരം പ്രോപ്പർട്ടികൾ ഒരുതരം നിക്ഷേപം കൂടെയാണ്. നിരവധി ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് കളിക്കാരുടെയും വീടുകൾ സ്ഥിതിചെയ്യുന്ന ഏരിയയാണ് മുംബൈയിലെ ബാന്ദ്ര പ്രദേശം.ബാന്ദ്രയിലെ പല ആഡംബര വീടുകൾക്കും ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ആണ് നിരക്ക്. ഷാരൂഖ് ഖാന്റെ കടലിന് അഭിമുഖമായുള്ള ബംഗ്ലാവായ മന്നത്ത്, സൽമാൻ ഖാന്റെ വീട്, ഗാലക്സി അപ്പാർട്മെന്റ്സ് എന്നിവയും ബാന്ദ്രയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ കൂടാതെ, രേഖ, രൺബീർ കപൂർ, ആലിയ ഭട്ട്, സഞ്ജയ് ദത്ത് തുടങ്ങിയ നിരവധി പ്രശസ്ത താരങ്ങളും ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാന്ദ്രയിലെ സ്ഥലത്തിനും വീടുകൾക്കും കോടികൾ വിലമതിക്കുന്നത്.





