ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; സമഗ്രമായ പരിശോധന നടത്തി സുരക്ഷാ ഉദ്യോഗസ്ഥർ
ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ വിവിധ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിലുകൾ വഴി ഭീഷണി സന്ദേശങ്ങൾ സ്കൂളുകളിലേക്ക് എത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി പരിശോധനകൾ നടത്തി.ഇതിനുമുൻപും സമാനമായ രീതിയിലുള്ള ഭീഷണികൾ ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വന്നിട്ടുണ്ട്. ഈസ്റ്റ് ഡൽഹിയിലെ അൽകോൺ സ്കൂൾ, രോഹിണിയിലെ ബാൽ ഭാരതി സ്കൂൾ, ജസ്പാൽ കൗർ സ്കൂൾ, അശോക് വിഹാറിലെ മാതാ ജയ് കൗർ സ്കൂൾ തുടങ്ങി നിരവധി സ്കൂളുകളുടെ പേരുകൾ ഇമെയിലുകളിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മെയിൽ വന്നതിനെത്തുടർന്ന് പരിഭ്രാന്തരായ സ്കൂൾ അധികൃതർ ഉടനെത്തന്നെ പോലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടനെത്തന്നെ സ്കൂൾ പരിസരം സന്ദർശിച്ച് സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.ലോറെറ്റോ കോൺവെന്റ് സ്കൂൾ, ദൽഹി കാന്റ്, കേംബ്രിഡ്ജ് സ്കൂൾ, ശ്രീനിവാസൻപുരി, രോഹിണിയിലെ വെങ്കിടേശ്വര സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ, എൻഎഫ്സി, ദി ഇന്ത്യൻ സ്കൂൾ, സാദിഖ് നഗർ, സിഎം സ്കൂൾ, രോഹിണി, ഡിടിഎ സ്കൂൾ, ഐഎൻഎ, ബാൽ ഭാരതി സ്കൂൾ, രോഹിണി, എയർഫോഴ്സ് സ്കൂൾ, ലോധി റോഡ്, കെആർ മംഗലം, ഇന്ത്യൻ സ്കൂൾ എന്നീ സ്കൂളുകൾക്ക് നേരെയും സമാനമായ രീതിയിലുള്ള ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ തുടർച്ചയായി വരുന്നതിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.





