ദേശീയപാത പാലത്തിന്റെ വിടവിൽ കാർ തലകുത്തനെ വീണു, 20 മിനിറ്റോളം തൂങ്ങിക്കിടന്നു; സാഹസികമായി രക്ഷിച്ചു
കണ്ണൂർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ദേശീയപാതയിലെ നിർമാണം നടക്കുന്ന പാലത്തിന്റെ വിടവിൽ വീണു. തലകുത്തനെ തൂങ്ങിക്കിടന്ന കാർ 20 മിനിറ്റോളം പരിശ്രമിച്ചാണ് നാട്ടുകാരും ദേശീയപാത നിർമാണത്തൊഴിലാളികളും ചേർന്ന് പുറത്തെടുത്തത്. സംഭവത്തിൽ കാർ ഓടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് സംഭവം. ചാല കവലക്ക് സമീപം ദേശീയപാത 66ന്റെ ബൈപാസ് പണി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ച സ്ഥലത്തേക്കാണ് കാർ ഓടിച്ചുകയറ്റിയത്. മേൽപാലം അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന വിടവിൽ വെച്ചാണ് കാർ താഴോട്ട് വീണത്. കമ്പികൾക്കിടയിൽ കാർ തങ്ങി നിൽക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പുറത്തേക്ക് എടുത്തത്. ഡ്രൈവർ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.





