പള്ളിമേടയിലെത്തി വികാരിയെ അസഭ്യം പറഞ്ഞ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്
പറവൂർ (കൊച്ചി): പള്ളിമേടയിലെത്തി വികാരിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ ബി.ജെ.പി നേതാവായ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ കേസ്. പറവൂർ നഗരസഭ രണ്ടാം വാർഡിലെ സ്ഥാനാർഥി ചേന്ദമംഗലം കവല പാത്തികുളങ്ങര ജോൺ പോളിനെതിരെ (55) ആണ് പറവൂർ പൊലീസ് കേസെടുത്തത്. കച്ചേരിപ്പടി സെന്‍റ് ജെർമയിൻസ് പള്ളിയിലെ തിരുന്നാൾ സമാപന ദിവസമായ ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുക്കർമങ്ങൾക്ക് ശേഷം രാത്രി 10.15ന് മേടയിൽ വിശ്രമിക്കുകയായിരുന്ന വികാരി ഫാ. ജെറി ഞാളിയത്തിനെ ഇടവകാംഗമായ ജോൺ പോൺ വാതിൽ തള്ളിത്തുറന്ന് അസഭ്യവർഷം നടത്തുകയായിരുന്നു. ബഹളം കേട്ട് പള്ളിയിലുണ്ടായിരുന്ന മറ്റാളുകൾ എത്തി. കാരണം അന്വേഷിച്ചെത്തിയവരേയും ഇയാൾ അസഭ്യം പറഞ്ഞു. വികാരിയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പെരുന്നാളിന്‍റെ ഭാഗമായി പള്ളിയിൽ ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് മുമ്പും പള്ളിയിൽ പ്രശ്നമുണ്ടാക്കിയതിനെതിരെ ഇയാൾക്കെതിരെ കേസുണ്ട്.





