മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്: ‘ആരുടെ അമ്മിക്കടിയിലാണ് പിണറായി വിജയനെന്ന് നജീബ് കാന്തപുരം; ‘ഏത് നൂറ്റാണ്ടിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്..?’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിങ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് പ്രസംഗം ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എം.എൽ.എമാരുടെയും നിലപാടാണെന്നും നജീബ് കാന്തപുരം എം.എല്‍.എ. ഏത് നൂറ്റാണ്ടിലാണ് നമ്മുടെ മുഖ്യമന്ത്രി ജീവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.പുരോഗമനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇത്തരം അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനകളും പരാമർശങ്ങളും നടത്തിയിട്ടുണ്ട്. നികൃഷ്ട ജീവി, പരനാറി, കൂലം കുത്തി എന്നീ പരാമർശങ്ങൾ കേരളം കേട്ടതാണ്. ഇതിന്റെയൊക്കെ തുടർച്ചയാണ് ഇപ്പോഴത്തെ പരാമർശം. ഉയരം കുറഞ്ഞ ആൾ, സ്വന്തം നിലക്ക് ആരോഗ്യമില്ലാത്ത ആൾ… -ആക്ഷേപകരമായ പരാമർശമാണിത്. ഉയരം കുറഞ്ഞ ആൾ നിയമസഭയിൽ വേണ്ടെന്നാണോ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസിനെ മുഖ്യമന്ത്രി പിണറായി വിജയന് ഓർമ്മയുണ്ടോ? മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഓർമ്മയുണ്ടോ? മല്ലന്മാർ മാത്രം നിയമസഭയിൽ വന്നാൽ മതി എന്നാണോ മുഖ്യമന്ത്രി പറയുന്നത്? -നജീബ് കാന്തപുരം ചോദിച്ചു.എട്ടടി ഉയരവും സിക്സ് പാക്കുമുള്ളവർ മാത്രം നിയമസഭയിൽ എത്തിയാൽ മതിയെന്നാണോ മുഖ്യമന്ത്രി പറയുന്നത്? ഇത്തരം ആക്ഷേപങ്ങൾക്ക് വിധേയമാകുന്നവരുടെ മാനസികാഘാതത്തെക്കുറിച്ച് മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോ. ഇത്തരത്തിൽ മനുഷ്യനെ അപമാനിക്കുന്ന മുഖ്യമന്ത്രിയെ തിരുത്താൻ ഇടതുപക്ഷത്ത് ആരുമില്ലാത്ത അവസ്ഥയാണോ? ഈ നാട് മാറുന്നതിനെക്കുറിച്ച് ഒന്നും അറിയാത്ത ആളാണോ മുഖ്യമന്ത്രി? എട്ടു മുക്കാലട്ടി വെച്ച പോലെയാണോ മുഖ്യമന്ത്രിക്ക് മനുഷ്യരെ കാണുമ്പോൾ തോന്നുന്നത്?കേരളം ആർജിച്ച എല്ലാ നേട്ടങ്ങളെയും തകർക്കുന്ന രീതിയിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായത്. മുഖ്യമന്ത്രി നടത്തിയത് വലിയ കുറ്റകൃത്യമാണ്. സഭക്കകത്ത് സംരക്ഷണമൊരുക്കാന്‍ മസില്മാന്മാര് വേണമെന്ന സന്ദേശമാണോ ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി നടത്തുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളും മാറ്റങ്ങളും അറിയാത്ത പോലെ ഇരുട്ടുമുറിയില്‍ നിന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഉയരം കുറഞ്ഞ ആളുകളെക്കൂടിയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചിരിക്കുന്നതെന്നും കേരളത്തിന് ചേര്‍ന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന് എന്ന് ഒരിക്കല്‍കൂടി അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി ‘ബഹു’ പിണറായി വിജയൻ ഇപ്പോൾ ആരുടെ അമ്മിക്കടിയിലാണെന്ന് നജീബ് കാന്തപുരം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. അരോഗ്യ ദൃഢ ഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ? ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്? പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയൻ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. ബഹു. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണം -ഫേസ്ബുക്ക് കുറിപ്പിൽ നജീബ് കാന്തപുരം വിമർശിച്ചു.‘എട്ടുമുക്കാലട്ടി വച്ച പോലെ….’ -മുഖ്യമന്ത്രിയുടെ അധിക്ഷേപം ഇങ്ങനെ… തിരുവനന്തപുരം: നിയമസഭയിൽ ബഹളത്തിനിടെയാണ് പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. പ്രതിപക്ഷാംഗങ്ങൾ സഭവിട്ട ശേഷം മറുപടി പറയുന്നതിനിടെ, എട്ടുമുക്കാലട്ടി വച്ച പോലെ എന്ന് തന്റെ നാട്ടിലൊരു വർത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് ആക്രമിക്കാൻ പുറപ്പെട്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. സ്വന്തം ശരീര ശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്നവർക്കെല്ലാം അറിയാം. പക്ഷേ നിയമസഭയുടെ പരിരക്ഷ വെച്ച് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ തുനിയുകയായിരുന്നു. ഇതെല്ലാം അപമാനകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പേര് വെളിപ്പെടുത്താതെയായിരുന്നു വിമർശനം.പിന്നാലെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. ഉയരം കുറഞ്ഞ ആളുകളെ മുഖ്യമന്ത്രിക്ക് പുച്ഛമാണോയെന്നും ഇവർ ഏത് കാലത്താണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ദേഷ്യം. ഇത് ബോഡി ഷെയ്മിങാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു. പിന്നാലെ, സഭാ രേഖകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ക്ക് കത്ത് നൽകി.മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനം കടുക്കുകയാണ്. പുതുതായി നിയമ സഭയിലെടുക്കേണ്ടവരുടെ അളവു കോല് കൂടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു. അതേസമയം, ഇതേകുറിച്ച് പ്രതികരിക്കാൻ ഭരണപക്ഷം തയ്യാറായിട്ടില്ല.
