സൈക്കിളിൽ പോയ കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്
കൊച്ചി : സ്കൂളിൽനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ പിന്നിൽനിന്നു പാഞ്ഞുവന്ന കാർ ഇടിച്ചിട്ടു. എളമക്കര ഹാലിഫാക്സ് എൻക്ലേവ് ത്രിത്വത്തിൽ പ്രശാന്ത് കുമാറിന്റെ മകൾ ദീക്ഷിത (16) യാണ് അപകടത്തിനിരയായായത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിനിക്ക് ആന്തരിക രക്തസ്രാവം ഉണ്ട്. നാട്ടുകാരും വഴിയാത്രക്കാരും ഓടിക്കൂടിയെങ്കിലും അപകടമുണ്ടായപ്പോൾ ഒന്ന് വേഗം കുറച്ചശേഷം കാർ വേഗത്തിൽ പിന്നീട് ഓടിച്ചുപോയി.വ്യാഴാഴ്ച വൈകീട്ട് 3.40-ഓടെ ദേശാഭിമാനി റോഡിലാണ് സംഭവം. ഇത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ധാരാളം സ്ഥാപനങ്ങളും കടകളുമുള്ള സ്ഥലമാണ് ഇവിടം. സിസിടിവി ക്യാമറകളും ഉണ്ട്. ഇതുവരെ കാർ കണ്ടെത്താനായിട്ടില്ല.





