പൂജക്കായി ക്ഷേത്രത്തിൽ പോയ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പുലിയാക്രമണമെന്ന് സംശയം

മംഗളൂരു: പൂജക്കായി ക്ഷേത്രത്തിൽ പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത കുവെട്ട് ഗ്രാമത്തിലെ സുബ്രഹ്മണ്യ നായിക്കിന്റെ മകൻ സുമന്താണ് (15) മരിച്ചത്. ബെൽത്തങ്ങാടിക്കടുത്ത നള ക്ഷേത്രത്തിലെ ധനുപൂജയിൽ പങ്കെടുക്കാൻ ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പുലിയുടെ സാന്നിധ്യമുള്ള പ്രദേശമായതിനാൽ പുലി അക്രമണമാണോയെന്ന് സംശയിക്കുന്നുണ്ട്. സുമന്തും മറ്റു രണ്ട് ആൺകുട്ടികളും ധനുപൂജക്കായി ദിവസവും നള ക്ഷേത്രത്തിൽ പോകാറുണ്ട്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ സുമന്ത് വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. എന്നാൽ പ്രതീക്ഷിച്ച സമയത്ത് എത്താതിരുന്നപ്പോൾ മറ്റ് കുട്ടികൾ കാത്തുനിൽക്കാതെ പോയി. പിന്നീട് കുട്ടികൾക്ക് സംശയം തോന്നി സുമന്തിന്റെ കുടുംബത്തെ വിളിച്ചപ്പോൾ അവൻ അതിരാവിലെ ക്ഷേത്രത്തിലേക്ക് പോയതായി അവർക്ക് വിവരം ലഭിച്ചു. സുമന്ത് ക്ഷേത്രത്തിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞ കുടുംബം പരിഭ്രാന്തരായി നാട്ടുകാരെ വിവരമറിയിച്ചു. സുമന്ത് പതിവായി പോകുന്ന വഴിയിലെ കുളത്തിന് സമീപം രക്തക്കറകൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ്, വനം വകുപ്പ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തി. രാവിലെ 11.30 ഓടെ സുമന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. തലയിൽ ഗുരുതരമായ പരിക്കുകൾ കണ്ടതിനെത്തുടർന്ന് മരണകാരണത്തെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നു. പുലികൾ ഇറങ്ങുന്ന പ്രദേശമായതിനാൽ കുട്ടി അക്രമത്തിന് ഇരയായതായാണ് നിഗമനം. ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുൺ കുമാർ, ബെൽത്തങ്ങാടി പൊലീസ് ഇൻസ്പെക്ടർ സുബ്ബപുര മഠം, സബ് ഇൻസ്പെക്ടർ ആനന്ദ് എം., തഹസിൽദാർ പൃഥ്വി സാനികം, ആർഐ പാവടപ്പ, ബിഇഒ താരകേശ്വരി, മറ്റ് ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റർമാർ, സ്കൂൾ അധ്യാപകർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button