രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പിന്നിൽ ലീഗൽ ബ്രെയിൻ
കണ്ണൂർ ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കാത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് കിട്ടിയ പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി എന്തിനാണെന്ന് ആളുകൾക്ക് അറിയാം. ജനങ്ങൾ വിലയിരുത്തട്ടെ. എനിക്ക് പരാതി ലഭിച്ച സമയത്ത് തന്നെ മാധ്യമങ്ങൾക്കും ലഭിച്ചു. എന്തായിരുന്നു അതിന്റെ ലക്ഷ്യം. പരാതി ആർക്കാണ് അയക്കേണ്ടതെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ എനിക്കാണ് അയച്ചത്. പരാതി ആസൂത്രിതമായി തയാറാക്കിയതാണ്. എന്നാൽ അതിന് എതിർ വശങ്ങളുണ്ട്. അതെല്ലാം കോടതി വിലയിരുത്തിയിട്ടുണ്ട്. രാഹുൽ വോട്ടു ചെയ്യാൻ വരുമോ എന്നറിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും.
കണ്ണൂരിലാണ് പ്രശ്നബാധിത ബൂത്തുകൾ ഏറെയും. ആശങ്കയിലാണ് ജനം. ഹർജികളുടെ വലിയ കെട്ടുതന്നെയാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. കള്ളവോട്ട്, അക്രമം എന്നിവ തടയാൻ നടപടിയുണ്ടാകണം. യുഡിഎഫ് വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവർത്തനമായിരിക്കും’’– സണ്ണി ജോസഫ് പറഞ്ഞു.





