കഴക്കൂട്ടത്ത് യുഡിഎഫ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ആയ ഗുണ്ടകൾ മർദിച്ചെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുഡിഎഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ മർദിച്ചെന്ന് പരാതി. മെഡിക്കൽ കോളജിൽ പ്രചാരണബോർഡ് വെക്കുന്നതിനിടെയാണ് പ്രവർത്തകരെ മർദിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി ശരത്പ്രസാദ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകി.
കഴക്കൂട്ടം മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ നടക്കുന്നുണ്ടെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ ആരോപണത്തിന് പിന്നാലെയാണ് മർദനം. ഇന്നലെ വൈകീട്ട് മെഡിക്കൽ കോളജ് പരിസരത്ത് പ്രചാരണബോർഡുകൾ സ്ഥാപിക്കുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ മർദിക്കുകയായിരുന്നെന്നാണ് പരാതി. കമ്പിപ്പാര കൊണ്ടുള്ള മർദനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മനുവിന് ഗുരുതര പരിക്കേറ്റതായാണ് വിവരം. പുറത്തുവെച്ചുള്ള മർദനങ്ങൾക്ക് പിന്നാലെ ആശുപത്രിക്കകത്തും ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതിയിലുണ്ട്. സംഭവത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.
ഒരു മതിൽക്കെട്ടിനകത്താണ് ബിജെപിയുടേയും സിപിഎമ്മിന്റെയും ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും പരസ്പസഹകരണത്തോടെയാണ് ഇരുകൂട്ടരുടേയും പ്രവർത്തനമെന്നും ശരത്പ്രസാദ് പറഞ്ഞിരുന്നു. ഈ ആരോപണത്തിന് പിന്നാലെയാണ് മർദനം. മണ്ഡലത്തിൽ തങ്ങൾ പരാജയപ്പെട്ടേക്കുമെന്ന ഭയംകാരണം അക്രമത്തിലേക്ക് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ കടന്നിരിക്കുകയാണെന്നും ശരത് വ്യക്തമാക്കി.





