കംപ്ലീറ്റ് ഡോമിനേഷന്‍; പ്രോട്ടിയാസിനെ വൈറ്റ് വാഷ് ചെയ്ത് വൈഭവിന്റെ ഇന്ത്യ
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള അണ്ടര്‍ 19 ഏകദിന പരമ്പര തൂത്തുവാരി വൈഭവ് സൂര്യവംശിയും സംഘവും. പരമ്പരയിലെ മൂന്നാം മത്സരത്തിലും ജയിച്ചാണ് ടീം പരമ്പര വൈറ്റ് വാഷ് ചെയ്തത്. അവസാന ഏകദിനത്തില്‍ 233 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ‘ഇരട്ട സെഞ്ച്വറി’യുടെ കരുത്തില്‍ 394 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന പ്രോട്ടിയാസ് യുവനിര 160 റണ്‍സിന് പുറത്തായി. ഇതോടെയാണ് ടീം മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് തുടക്കത്തില്‍ തന്നെ പതറിയിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് 15 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പോള്‍ ജെയിംസ്, ഡാനിയേല്‍ ബോസ്മാന്‍, കോര്‍ണേ ബോത്ത എന്നിവരുടെ ചേര്‍ത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 150 കടത്തിയത്.
പോള്‍ ജെയിംസ് 49 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ ബോസ്മാന്‍ 60 പന്തില്‍ 40 റണ്‍സ് നേടി. ബോത്ത 39 പന്തില്‍ 36 റണ്‍സ് നേടി പുറത്താവാതെ നിന്നു. മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങ്ങിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനായില്ല.
വൈഭവ് സൂര്യവംശി. Photo: Tanuj/x.com
ഇന്ത്യക്കായി കിഷന്‍ സിങ് മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാന്‍ രണ്ട് വിക്കറ്റും നേടി. ഉദ്ധവ് മോഹന്‍, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, വൈഭവ് സൂര്യവംശി, ആര്‍.എസ്. അംബരീഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്കായി ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജ് എന്നിവര്‍ സെഞ്ച്വറി നേടിയിരുന്നു. വൈഭവ് 74 പന്തില്‍ 127 റണ്‍സും ആരോണ്‍ 106 പന്തില്‍ 118 റണ്‍സും സ്‌കോര്‍ ചെയ്തു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 227 റണ്‍സാണ് ചേര്‍ത്തത്.
ആരോൺ ജോർജ്. Photo: Varun Giri/x.com
ഇവര്‍ക്കൊപ്പം വേദാന്ത് ത്രിവേദി (42 പന്തില്‍ 34), മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന്‍ (19 പന്തില്‍ 28*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
പ്രോട്ടിയാസിനായി എന്‍ന്റഡോ സോണി മൂന്ന് വിക്കറ്റും ജേസണ്‍ റൗള്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. മൈക്കല്‍ ക്രൂയിസ്‌കാംപ് ഒരു വിക്കറ്റും സ്വന്തമാക്കി.





