പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം, പിന്നീട് വ്യാജ ബലാത്സംഗ പരാതി; 24 കാരിക്ക് മൂന്നര വർഷം തടവ്
ലക്നൗ: വ്യാജ ബലാത്സംഗ പരാതിയിൽ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച് കോടതി. 24 കാരിക്കാണ് ലക്നൗ കോടതിയുടെ ശിക്ഷ. ബിഎൻഎസിലെ 217, 248, 331 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ നൽകിയിരിക്കുന്നത്.യുവാവ് ബലാത്സംഗം ചെയ്തെന്നും ആക്രമിച്ചെന്നും കാണിച്ചാണ് യുവതി പരാതി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷമായി യുവാവുമായി പ്രണയത്തിലാണെന്നും വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. കൂടാതെ യുവാവിന്റെ അമ്മയും സഹോദരനും ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ബലാത്സംഗം, എസ്സി/എസ്ടി നിയമ പ്രകാരം അറസ്റ്റ് ചെയ്തു.പിന്നീട് വിശദമായ അന്വേഷണത്തിൽ യുവതിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വർഷങ്ങളായി ഇരുവരും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം പുലർത്തിയിരുന്നു. യുവാവ് വിവാഹം കഴിച്ചതിന് ശേഷവും യുവതി ഈ ബന്ധം തുടർന്നുവെന്നും കണ്ടെത്തി. തെളിവുകൾ പരിശോധിച്ച കോടതി കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വ്യക്തമാക്കി. യുവാവ് വിവാഹിതനാണെന്നറിഞ്ഞിട്ടും ബന്ധം തുടർന്ന പരാതിക്കാരിക്ക് തന്നെ താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.





