ചങ്ങരംകുളത്ത്വനിത ഹോട്ടലില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചു
ചങ്ങരംകുളം: വനിത ഹോട്ടലില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് ഏറെനേരം പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെ ചങ്ങരംകുളം ടൗണില്‍ നന്നംമുക്ക് റോഡില്‍ പോസ്റ്റോഫിസിന് സമീപത്തെ തനിമ ജനകീയ ഹോട്ടലിലാണ് സംഭവം. ജീവനക്കാര്‍ ഭക്ഷണം പാചകം ചെയ്യാൻ കത്തിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. ഇവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതലായി കത്താന്‍ തുടങ്ങിയതോടെ പൊലീസിലും അഗ്നിരക്ഷസേനയിലും അറിയിച്ചു. ചങ്ങരംകുളം പൊലീസും പൊന്നാനിയില്‍നിന്ന് അഗ്നിരക്ഷസേനയുമെത്തി.ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീയണക്കാനായത്. വാതകം ചോർന്നതാണ് അപകടകാരണമെന്നാണ് നിഗമനം. കടയിലെ ഉപകരണങ്ങള്‍ പലതും കത്തിനശിച്ചു.





