തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പുവെച്ച തീരുമാനം പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സിപിഐ. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ഇനി നിർണായകമാകും.വിദേശ പര്യടനത്തിനുശേഷം ഇന്ന് കേരളത്തിൽ മടങ്ങിയെത്തുന്ന മുഖ്യമന്ത്രി അനുനയ നീക്കംനടത്തുമെന്നാണ് സൂചന.പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പദ്ധതിയിൽ എന്തുകൊണ്ട്ഒ പ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനായിരിക്കും മുഖ്യമന്ത്രിയും ശ്രമിക്കുക.അതേസമയം, നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തിൽ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയേയും അറിയിക്കും.ഒത്തുതീർപ്പായില്ലെങ്കിൽ കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സ്വീകരിക്കുക.പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടതിലെ പ്രതിഷേധത്തിൽ നിന്നും പിന്നോക്കം പോകരുതെന്ന നിലപാടിലാണ് സിപിഐ ദേശീയ നേതൃത്വവും.ദേശീയ സെക്രട്ടറിയേറ്റിലും എക്സിക്യൂട്ടീവിലും ശക്തമായ എതിർപ്പാണ് ഉയർന്നത്. മറ്റുനിയമസഭകളിൽ സിപിഎം എംഎൽഎമാർ സ്വീകരിച്ച നിലപാടിനെകുറിച്ചും സിപിഐ വിവരം ശേഖരിച്ചു തുടങ്ങി. ജനറൽ സെക്രട്ടറി ഡി.രാജ നേരിൽ കണ്ടിട്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പുലർത്തിയ നിസഹായ നിലപാടിലും സിപിഐയ്ക്ക് എതിർപ്പുണ്ട്.സിപിഐയുടെ വിയോജിപ്പ് ജനങ്ങളോട് തുറന്ന് പറയണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. ഇടത് പാർട്ടികൾക്കിടയിലെ ഐക്യത്തിൻ്റെ ഭാഗമായി അഭ്യന്തര വിമർശനം മാത്രംപോരെന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾ ചൂണ്ടികാട്ടുന്നു.നന്ദിഗ്രാം,സിങ്കൂർവിഷയം ചൂണ്ടിക്കാട്ടി അമർജിത് കൗർ ആണ് ആഞ്ഞടിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ബംഗാളിലെ കൃഷിഭൂമി വൻകിടകോർപറേറ്റുകൾക്ക് കൈമാറുന്നതിൽ സിപിഐയ്ക്ക് എതിർപ്പുണ്ടായിരുന്നു. സിപിഐ ബംഗാൾ സംസ്ഥാന ഘടകം ഈ വിയോജിപ്പ് അന്നത്തെ സംസ്ഥാനസർക്കാരിനേയും സിപിഎമ്മിനേയും അറിയിച്ചു.പാർട്ടി ദേശീയ നേതൃത്വത്തിനും ഇതേനിലപാടായിരുന്നു.മുന്നണിമര്യാദയുടെ പേരിൽ ഈ വിയോജിപ്പ് പുറത്ത് പറഞ്ഞില്ല.വ്യവസായ നയത്തോട് ബംഗാൾ ശക്തമായി പ്രതികരിച്ചതോടെ സിപിഎമ്മിൻ്റെ ഒപ്പം സിപിഐയും ഒലിച്ചുപോയി.ജനങ്ങളോട് തീരുമാനം തുറന്ന്പറഞ്ഞിരുന്നെങ്കിൽ സിപിഐക്ക് ഇത്രയും പരുക്കേൽക്കുമായിരുന്നില്ല എന്ന് മാത്രമല്ല സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞെന്ന് അഭിമാനിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ബംഗാൾ അനുഭവത്തിൽ നിന്നും കേരളംപാഠം പഠിക്കണമെന്നതാണ് അമർജിത്കൗർ ഉൾപ്പെടെ ദേശീയനേതാക്കളുടെ നിലപാട്.


