അമ്പലപ്പുഴയിൽ തോൽവി ഭയന്ന് സിപിഎം; ഹരിപ്പാടും കുട്ടനാടും പാർട്ടി കൈവിട്ടുവെന്നും പ്രാഥമിക വിലയിരുത്തൽ
ആലപ്പുഴ: അമ്പലപ്പുഴയിൽ തോൽവി ഭയന്ന് സിപിഎം.1800 വോട്ടിന് തോൽക്കാൻ സാധ്യതയുണ്ടെന്ന ഒരു കണക്കും 3800 വോട്ടുകൾക്ക് ജയിക്കാമെന്ന മറ്റൊരു കണക്കുമാണ് നിലവിൽ ജില്ലാ നേതൃത്വത്തിന് ലഭിച്ചത്. ഹരിപ്പാടും കുട്ടനാടും പാർട്ടി കൈവിട്ടു. നാലിടത്ത് കടുത്ത മത്സരം നേരിട്ടതായും സിപിഎം വിലയിരുത്തി. അമ്പലപ്പുഴയിൽ ബിജെപി വോട്ടുകൾ എങ്ങനെ പ്രതിഫലിക്കുമെന്ന് വിലയിരുത്താൻ സിപിഎമ്മിന് കഴിയുന്നില്ല. ബിജെപി വോട്ടുകൾ മറിഞ്ഞിട്ടുണ്ടെങ്കിൽ സിപിഎം തോൽവി ഉറപ്പിക്കുന്നു. 1800 വോട്ടിന് വരെ തോൽക്കാമെന്നാണ് സിപിഎം കണക്ക്. ബിജെപി വോട്ട് മറിഞ്ഞിട്ടില്ലെങ്കിൽ 3800 വോട്ടുകൾ ജയിച്ചു കയറാമെന്ന കണക്കും പ്രാദേശിക നേതൃത്വത്തിൻറെ റിപോർട്ടിൽ പറയുന്നു. ഹരിപ്പാടും കുട്ടനാടും തോൽക്കും. ഇതിൽ കുട്ടനാട് 7600 വോട്ടിന് പിന്നിലാണെന്നാണ് ബൂത്ത് കമ്മറ്റികളുടെ കണക്ക്. ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ, കായംകുളം സീറ്റുകൾ ഉറപ്പിക്കുമ്പോൾ ആലപ്പുഴയിലും അരൂരിലും കടുത്തമത്സരമാണ് നടന്നത്. ആലപ്പുഴയിൽ 2700 വോട്ടാണ് സിപിഎം കണക്കിലെ ഭൂരിപക്ഷം. അരൂരിൽ 1700 വോട്ടുകൾക്ക് വിജയിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.





